നദ്ദയുടെ വാഹനം ആക്രമിച്ച സംഭവം; ഏഴ് പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനം ആക്രമിച്ച സംഭവത്തില്‍ മൂന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലേറ് നടത്തിയവരില്‍ തിരിച്ചറിയാത്തവര്‍ക്കെതിരെ കൊല്‍ക്കത്ത പോലീസ് സ്വമേധയാ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില തകരാറിലാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും ഹാജരാകാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഡിസംബര്‍ 14ന് ഹാജരാകണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. നദ്ദയുടെ വാഹനം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. നദ്ദയുടെ വാഹനം കടന്നു പോകുന്ന സമയം 200ഓളം ആളുകളാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നും ഇവര്‍ വടികളും കരിങ്കൊടികളുമായി മുദ്രാവാക്യം മുഴക്കിയെന്നും കത്തില്‍ പറയുന്നു. ബംഗാള്‍ പോലീസാണ് ഇതിന് ഒത്താശ ചെയ്തതെന്നും ദിലീപ് ഘോഷ് ആരോപിച്ചു.