കർഷക സമരം ശക്തമായി മുന്നോട്ട്; 50,000 കര്‍ഷകർ ഡല്‍ഹിയിലേക്ക്

ന്യൂഡൽഹി: കർഷക സമരം 15ാം ദിവസവും പിന്നിടുന്പോൾ സമരം അതിശക്തമാക്കി മുന്നോട്ടു കൊണ്ടുപോകുമെന്ന മുന്നറിയിപ്പു നൽകിയിരിക്കുകയാണ് കർഷർ. പഞ്ചാബിലെ വിവിധ ജില്ലകളിൽ നിന്നായി 50,000ത്തോളം കർഷകർ 1200 ട്രാക്ടറുകളിൽ കയറിയാണ് ഡൽഹിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്.
ആറ് മാസത്തോളം ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണം കരുതിക്കൊണ്ടാണ് സമരമുഖത്തേക്ക് ഈ കർഷകർ എത്തുന്നത്. ഞങ്ങളെ കൊല്ലുന്നതിനെ കുറിച്ച് മോദി സർക്കാർ തീരുമാനമെടുക്കട്ടെ. മറ്റെന്ത് സാഹചര്യം ഉടലെടുത്താലും ഞങ്ങളിനി തിരികെ പോകില്ല, എന്നാണ് മസ്ദൂർ സംഘർഷ് കമ്മറ്റി നേതാവ് സത്നം സിങ് പന്നു ദേശീയ മാധ്യമത്തോടു പ്രതികരിച്ചത്.സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംയുക്ത കിസാൻ മോർച്ച കഴിഞ്ഞ ദിവസം റെയിൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച വരെയാണ് തങ്ങൾ കേന്ദ്രത്തിന് അന്ത്യശാസനം നൽകിയതെന്ന് കർഷക നേതാവ് ബൂട്ടാ സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരിൽ നിന്ന് അനുകൂല സമീപനം ഇതുവരെയും ഉണ്ടാകാത്തതിനാൽ സമരം അതി ശക്തമായി മുന്നോട്ടു കൊണ്ട് പോകാനാണ് കർഷകരുടെ തീരുമാനം.
പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകർ വ്യാഴാഴ്ച മുതൽ ഡൽഹിക്കു തിരിച്ചിട്ടുണ്ട്. സമരക്കാരെ തടയുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യരുതെന്ന് കർഷകനേതാക്കൾ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.