അന്തർവാഹിനിയായ ഐഎൻഎസ് വാഗിർ രാജ്യത്തിന് സമർപ്പിച്ചു
മുംബൈ : പ്രതിരോധ മേഖലയിൽ കരുത്തോടെ മുന്നേറി ഇന്ത്യ. തദ്ദേശീയമായി നിർമ്മിച്ച അന്തർവാഹിനിയായ ഐഎൻഎസ് വാഗിർ രാജ്യത്തിന് സമർപ്പിച്ചു. മസഗോൺ ഷിപ്പ്‌യാർഡിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗ് വഴി കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കാണ് അന്തർവാഹിനി രാജ്യത്തിന് സമർപ്പിച്ചത്.
സ്‌കോർപീൻ വിഭാഗത്തിൽപ്പെട്ട അഞ്ചാം തലമുറ അന്തർവാഹിനിയാണ് വാഗിർ. ഇന്ത്യൻ നാവിക സേനയുടെ പ്രൊജക്ട് 75 ന്റെ ഭാഗമായാണ് വാഗിർ നിർമ്മിച്ചത്. മസ്‌ഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിനാണ് അന്തർവാഹിനി നിർമ്മിക്കുന്നിതിനുള്ള ചുമതല നൽകിയിരുന്നത് .ഫ്രഞ്ച് നാവിക സേനയും, ഊർജ്ജ കമ്പനിയായ ഡിസിഎൻഎസും സംയുക്തമായി രൂപകൽപ്പന ചെയ്ത വാഗിർ സ്‌കോർപീൻ ക്ലാസ് വിഭാഗത്തിന്റെ ഭാഗമാണ്. അന്തർവാഹിനികളിൽ ഒന്നാമത്തേത് ഐ.എൻ.എസ് കാൽവരിയാണ്.
2015 ൽ രാജ്യത്തിന് സമർപ്പിച്ച ഐൻഎസ് കാൽവരി 2017 ലാണ് ഔദ്യോഗികമായി നാവിക സേനയ്ക്ക് കൈമാറിയത്.
ഒരു വർഷത്തിനുള്ളിൽ ഐഎൻഎസ് വാഗിർ നാവിക സേനയ്ക്ക് ഔദ്യോഗികമായി കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പടിഞ്ഞാറൻ നാവിക കമാന്റ് മേധാവി വൈസ് അഡ്മിൽ ആർ.ബി പണ്ഡിറ്റ് പറഞ്ഞു. നിലവിൽ രണ്ട് കാൽവരി ക്ലാസ് അന്തർവാഹിനിയാണ് നാവിക സേനയ്ക്കുള്ളത്. അധികം വൈകാതെ ബാക്കിയുളള നാല് അന്തർവാഹിനികൾ കൂടി ലഭിക്കുമെന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാൽവരി ക്ലാസ് വിഭാഗത്തിലെ ആറാമത്തെ അന്തർവാഹിനിയായ വാഗ്ഷീറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.

