ബിജെപി എംഎൽഎ സുരേന്ദ്ര ജീന കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവും എംഎൽഎയുമായ സുരേന്ദ്ര ജീന (50) കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയായിരുന്നു മരണം. ഉത്തരാഖണ്ഡിലെ സാൾട്ടിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് സുരേന്ദ്ര. ഇദ്ദേഹത്തിന്‍റെ ഭാര്യയും കുറച്ചു നാൾ മുമ്പ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു.
ഇക്കഴിഞ്ഞ ഒക്ടോബർ 27നാണ് ഇദ്ദേഹത്തിന്‍റെ ഭാര്യയായ റീത്ത കോവിഡിനെ തുടർന്ന് മരിച്ചത്. ഇതിനെ തുടർന്ന് എംഎൽഎ ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല. ഇതും ആരോഗ്യസ്ഥിതി വഷളാക്കാൻ ഇടയാക്കിയെന്നാണ് എംഎൽഎയുമായി അടുത്തവൃത്തങ്ങൾ പറയുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ ഡൽഹിയിലെ ഗംഗാ റാം ഹോസ്പിറ്റലിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.
ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വ്യവസായി ആയ സുരേന്ദ്ര ജീന, മൂന്ന് തവണയാണ് എംഎൽഎ സ്ഥാനത്തേക്ക് ജയിച്ചു കയറിയത്. ഊർജസ്വലനായ ഒരു നേതാവിനെ നഷ്ടപ്പെട്ടു എന്നാണ് ജീനയുടെ മരണത്തില്‍ ഞെട്ടൽ അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത് പ്രതികരിച്ചത്.

