ഡോ. കഫീൽ ഖാനെ മോചിപ്പിക്കാൻ ഉത്തരവ്
ലഖ്നൗ: ദേശസുരക്ഷാ നിയമം ചുമത്തി ഉത്തർപ്രദേശ് സർക്കാർ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച ഡോ. കഫീൽ ഖാനെ മോചിപ്പിക്കാൻ ഉത്തരവ്. അലഹബാദ് ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രസംഗിച്ചതിന്‍റെ പേരിലാണ് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ കഫീൽ ഖാനെ അറസ്റ്റ് ചെയ്ത് ദേശസുരക്ഷാ നിയമം ചുമത്തിയത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും കോടതി വിലയിരുത്തി. ജനുവരി 29-ന് രാത്രി ഏറെ വൈകി മുംബൈ എയർപോർട്ടിൽവച്ചാണു കഫീൽ ഖാൻ അറസ്റ്റിലായത്.
യുപി സ്പെഷൽ ടാസ്ക് ഫോഴ്സിന്‍റെ അഭ്യർത്ഥനപ്രകാരം മുംബൈ പോലീസ് ഡോ. കഫീൽ ഖാനെ അറസ്റ്റുചെയ്ത് കൈമാറുകയായിരുന്നു. ഫെബ്രുവരി 13ന് ഇദ്ദേഹത്തിന്‍റെ മേൽ ദേശസുരക്ഷ നിയമം ചുമത്തി. യുപിയിലെ സർക്കാർ ആശുപത്രിയിൽ അറുപതിലേറെ കുട്ടികൾ ഓക്സിജൻ തടസപ്പെട്ടതിനെ തുടർന്ന് 2017ൽ മരിച്ച സംഭവത്തിൽ ജയിലിലായി വാർത്തകളിൽ നിറഞ്ഞയാളാണു ഡോ. കഫീൽ ഖാൻ. അന്നു കഫീൽ ഖാന്‍റെ ഭാഗത്തുനിന്നു കുറ്റകരമായ അനാസ്ഥയുണ്ടായെന്നും, ഓക്സിജൻ സിലിണ്ടറുകളുടെ വാങ്ങൽ പ്രക്രിയയിൽ കഫീൽ ഖാൻ അഴിമതി കാണിച്ചു എന്നും ആരോപിച്ച് സർക്കാർ നടപടിയെടുത്തിരുന്നു. എന്നാൽ സംഭവം നടക്കുന്പോൾ ഡോ. കഫീൽ ഖാനല്ലായിരുന്നു നോഡൽ ഓഫീസറെന്നും, കുട്ടികൾ മരിക്കാതിരിക്കാൻ ഡോക്ടർ സ്വന്തം ചിലവിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നെന്നും പിന്നീട് അന്വേഷണ റിപ്പോർട്ടിൽ വെളിപ്പെടുത്തപ്പെട്ടു. നിരപരാധിയായ ഡോ. കഫീൽ ഖാൻ ഒന്പതു മാസങ്ങളാണ് ജയിലിൽ കഴിയേണ്ടിവന്നത്.

