കർഷകർക്ക് ഒരുലക്ഷം കോടിയുടെ കേന്ദ്രവായ്പ പദ്ധതി
ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കർഷകർക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ. കർഷകർക്കായി ഒരു ലക്ഷം കോടിരൂപ വായ്പ നൽകുന്ന ധനസഹായ പദ്ധതിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് കീഴിലാണ് കേന്ദ്രസർക്കാർ പുതിയ വായ്പാ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
പ്രധാൻ മന്ത്രി കിസാൻ സമൻ നിധി (പിഎം−കിസാൻ) പദ്ധതി ആറാം ഗഡുവായി 17,100 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 8.55 കോടിയിലധികം കർഷകരാണ് ഇതിന്‍റെ ഗുണഭോക്താക്കൾ. വിളവെടുപ്പാനന്തര കാർഷികാവശ്യങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് പുതിയ പദ്ധതിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കാർഷികോൽപന്നങ്ങളുടെ സംസ്കരണം, വിപണനം തുടങ്ങിയവ പരിപോഷിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു പറഞ്ഞു. പിഎം−കിസാൻ പദ്ധതി പ്രകാരം ഓരോ കർഷകനും പ്രതിവർഷം 6000 രൂപയാണ് കേന്ദ്രസർക്കാർ ലഭ്യമാക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.



