ടേക്ക് ഓഫിന് തൊട്ടുമുമ്പ് കോ-പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തൽ: എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു
ശാരിക
ന്യൂഡൽഹി: സൂറിച്ച് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിന്റെ കോ-പൈലറ്റ് ടേക്ക് ഓഫിന് തൊട്ടുമുമ്പ് മദ്യപിച്ചതായി കണ്ടെത്തി. സെപ്റ്റംബർ 6-ന് നടന്ന സംഭവത്തിൽ ജീവനക്കാരനെ എയർ ഇന്ത്യ സർവീസിൽ നിന്ന് അടിയന്തരമായി സസ്പെൻഡ് ചെയ്തു. ആഴ്ചകൾക്ക് മുൻപ് മറ്റൊരു എയർ ഇന്ത്യ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് കോ-പൈലറ്റിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് അധികൃതർ ഇയാളെ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. സൂറിച്ചിൽ വെച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇയാൾ മദ്യം ഉപയോഗിച്ചതായി തെളിഞ്ഞു. രണ്ടാം ഘട്ട പരിശോധനയുടെ അന്തിമ റിപ്പോർട്ട് വരുന്നതുവരെ ഇയാൾ സസ്പെൻഷനിൽ തുടരുമെന്നും ഇന്ത്യയിലേക്ക് തിരിച്ചയച്ചതായും അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് എ.ഐ 151 (AI 151) സർവീസ് തടസ്സപ്പെടുകയും തൊട്ടടുത്ത ദിവസമാണ് വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടതും.
വിമാന സുരക്ഷയിലും റെഗുലേറ്ററി നിബന്ധനകളിലും യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത 'സീറോ ടോളറൻസ്' നയമാണ് കമ്പനിക്കുള്ളതെന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. സുരക്ഷാ വീഴ്ച സ്ഥിരീകരിച്ചാൽ കർശന നടപടിയുണ്ടാകും. ആഗസ്റ്റ് നാലിന് ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എ.ഐ-2379 വിമാനത്തിന്റെ പ്രധാന പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. ഈ വിമാനം പറക്കലിനിടെ പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയും 20-ലേറെ യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർച്ചയായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, മുഴുവൻ പൈലറ്റുമാർക്കും നിർബന്ധിത ലഹരിപരിശോധന നടത്താൻ എയർ ഇന്ത്യ ഉത്തരവിട്ടിട്ടുണ്ട്.
asdasd

