പന്പാ ഡാം തുറന്നു: പത്തനംതിട്ടയിൽ അതീവ ജാഗ്രത
പത്തനംതിട്ട: കനത്ത മഴയെ തുടർന്നു ജലനിരപ്പ് ഉയർന്നതോടെ പന്പാ ഡാമിന്‍റെ രണ്ടു ഷട്ടറുകൾ തുറന്നു. നാലു ഷട്ടറുകൾ കൂടി ഉടൻ തുറക്കുമെന്നാണ് വിവരം. എട്ട് മണിക്കൂർ ഷട്ടറുകൾ തുറന്നിടും. ആറു ഷട്ടറുകളും രണ്ട് അടി വീതമാണ് തുറക്കുക. ഇതേതുടർന്നു പത്തനംതിട്ടയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. പന്പാ നദിയുടെയും കക്കാട്ട് ആറിന്‍റെയും തീരത്തു താമസിക്കുന്നവരും പ്രത്യേകിച്ച് റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.
റാന്നി ടൗണിലേക്ക് അഞ്ചു മണിക്കൂറിനകം വെള്ളം എത്തുമെന്നാണ് കരുതുന്നത്. രക്ഷാപ്രവർത്തനത്തിനായി റാന്നി ടൗണിൽ 19 ബോട്ടുകൾ സജ്ജമാണ്. തിരുവല്ലയിൽ ആറു ബോട്ടുകളും പന്തളത്ത് രണ്ടു ബോട്ടുകളും ഒരുക്കിയിട്ടുണ്ട്.
പന്പാ ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ ഏഴിനും എട്ടിനും രേഖപ്പെടുത്തിയ റീഡിംഗ് പ്രകാരം 983.45 മീറ്ററിൽ സ്ഥിരമായി നിൽക്കുകയാണ്. പമ്പാ ഡാമിന്‍റെ പരിസര പ്രദേശങ്ങളിൽ നേരിയ മഴയുണ്ടെങ്കിലും ജലനിരപ്പ് സ്ഥിരമായി നിൽക്കാൻ കാരണം പമ്പ റിസർവോയറിനെയും കക്കി റിസർവോയറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ വെള്ളം പുറംതള്ളുന്നതാണ്.



