18 ലക്ഷവും കടന്ന് രാജ്യത്തെ കൊവിഡ് കണക്ക്; മരണനിരക്കും ഉയരുന്നു
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18,03,695 ആയി.771 മരണങ്ങൾ കൂടി പുതുതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 38,135 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്ക്.
ഇത് വരെ 11,86,203 പേർ രോഗമുക്തരായെന്നും കേന്ദ്ര സർക്കാരിന്റെ രാവിലത്തെ കൊവിഡ് റിലീസിൽ പറയുന്നു. നിലവിൽ 5,79,35 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ ഒമ്പതിനായിരത്തിനും ആന്ധ്രപ്രദേശിൽ എണ്ണായിരത്തിനും മുകളിൽ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കർണ്ണാടകത്തിലും തമിഴ്നാട്ടിലും അയ്യാരിത്തിലേറെ ആളുകൾക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ ആകെ രോഗബാധിതർ എഴുപത്തിയയ്യായിരം കടന്നു. ഉത്തർപ്രദേശിലും സ്ഥിതി ഗുരുതരമാണ്.



