പ്രവാസികളുടെ മടക്കം; സംസ്ഥാനത്തിന് തിരിച്ചടിയായി കേന്ദ്രത്തിന്റെ കർശന ഉപാധികൾ


ന്യൂഡൽഹി: പ്രവാസികളുടെ മടക്കത്തിന് കര്‍ശന ഉപാധികളുമായി കേന്ദ്ര സർക്കാർ. പ്രവാസികളെ മടക്കി എത്തിക്കാനുള്ള കേരളത്തിന്‍റെ മാനദണ്ഡം അംഗീകരിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇതോടെ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്ന എല്ലാ മലയാളി പ്രവാസികള്‍ക്കും തിരിച്ചെത്താന്‍ സാധിക്കില്ല. നാലു ലക്ഷത്തിലധികം പ്രവാസികളാണ് മടങ്ങിവരവിനായി രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി കാത്തിരിക്കുന്നത്. 

എന്നാല്‍ മടങ്ങിയെത്തേണ്ടവരുടെ കേന്ദ്ര പട്ടികയില്‍ ആകെ രണ്ട് ലക്ഷം പേര്‍ മാത്രമാണുള്ളത്. നിലവിൽ അടിയന്തര സ്വഭാവമുള്ളവരെയും വിസ കാലാവധി തീർന്നവരെയും മാത്രമേ എത്തിക്കുകയുള്ളുവെന്നാണ് കേന്ദ്ര നിലപാട്.
അതേസമയം, ലോക്ക്ഡൗണിനെ തുടർന്നു കുടുങ്ങിയ പ്രവാസികളെ ഈ ആഴ്ച മുതൽ നാട്ടിലെത്തിക്കും. മാലദ്വീപിൽനിന്നാണ് ആദ്യസംഘത്തെ നാട്ടിലെത്തിക്കുന്നത്. 200 പേരുടെ ആദ്യ സംഘത്തെ ഈ ആഴ്ച തന്നെ മാലദ്വീപിൽനിന്നും കൊച്ചിയിലെത്തിക്കും.


കപ്പല്‍ മാര്‍ഗമാണ് ഇവരെ കൊച്ചിയില്‍ എത്തിക്കുക. ഇവർ 14 ദിവസം ക്വാറന്‍റൈനിൽ കഴിയണം. കപ്പല്‍ യാത്രയുടെ പണം ഈടാക്കാന്‍ തത്കാലത്തേക്ക് തീരുമാനം ഇല്ല. എന്നാല്‍ ക്വാറന്‍റൈനിൽ കഴിയുന്ന ചെലവ് പ്രവാസികൾ വഹിക്കണം.
14 ദിവസത്തിന് ശേഷം ഇവര്‍ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനെ കുറിച്ച് കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തീരുമാനം എടുക്കും എന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed