കോവിഡ്; റഷ്യയിൽ ഒരു ദിവസം 10,633 പോസിറ്റീവ് കേസുകൾ
മോസ്കോ: റഷ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു . ഞായറാഴ്ച 10,633 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടശേഷം ഒരു ദിവസം ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആദ്യമാണ്. ഇതോടെ റഷ്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1.34 ലക്ഷമായി. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ റഷ്യക്ക് ഇപ്പോൾ ഏഴാം സ്ഥാനമാണ്. അമേരിക്കയാണ് ഒന്നാമത്. ശനിയാഴ്ച 9,623 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 1280 പേരാണ് റഷ്യയിൽ ഇതുവരെ മരിച്ചത്. ഇതിൽ 50 ശതമാനം ആളുകൾക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് റഷ്യൻ കൊറോണ വൈറസ് റെസ്പോണ്‍സ് ഹെഡ്ക്വാർട്ടേഴ്സ് അറിയിച്ചു.
തലസ്ഥാനമായ മോസ്കോയിലാണ് കൂടുതൽ രോഗികൾ. രാജ്യത്തെ രോഗികളിൽ പകുതിയിലധികവും മോസ്കോയിലാണെന്ന് കണക്കുകൾ പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് റഷ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇത്രയും കുതിപ്പുണ്ടാകുന്നത്.

