കൂട്ടമായി രാജിവയ്ക്കുന്നു: നേതാക്കൾ സംഘടനാ ചുമതലകൾ ഒഴിയുന്നത് രാഹുൽ ഗാന്ധിക്ക് വേണ്ടി


ന്യൂഡൽഹി:  രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും ചുമതലകളിൽ നിന്ന് നേതാക്കൾ കൂട്ടമായി രാജിവയ്ക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ 120 ലേറെ നേതാക്കളാണ് രാജിവച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി തുടരുന്നതിനും സ്വതന്ത്രമായി പുതിയ നേതാക്കളെ തിരഞ്ഞെടുക്കുന്നതിനുമായാണു കൂട്ടരാജി. ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതോടെ അധ്യക്ഷസ്ഥാനം രാജിവയ്ക്കുകയാണെന്ന തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ചു നിൽക്കുകയാണ്. രാഹുൽ ഗാന്ധി അധ്യക്ഷനായി തുടർന്ന് അദ്ദേഹത്തിനു താൽപര്യമുള്ളവരെ പുതിയ നേതൃത്വത്തിൽ ഉൾപ്പെടുത്തി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനാണു കൂട്ടരാജി.അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സ്ഥാനം, യൂത്ത് കോൺഗ്രസ് ഭാരവാഹിത്വം, മഹിള കോൺഗ്രസ് നേതൃസ്ഥാനം എന്നിവയാണ് നേതാക്കൾ ഒഴിഞ്ഞത്. ഇത് രാഹുൽ ഗാന്ധിയോടുള്ള ബഹുമാനത്തിന്റെയും ആദരവിന്റെയും സൂചകമാണെന്നാണ് കൂട്ടരാജിക്കത്തിൽ പറയുന്നത്.

article-image

വ്യാഴാഴ്ച രാത്രിയാണ് കൂട്ടരാജി ആരംഭിച്ചത്. മധ്യപ്രദേശിൽ നിന്നുള്ള വിവേക് തൻഖ എന്ന കോൺഗ്രസ് നേതാവാണ് ഇതിന് തുടക്കം കുറിച്ചത്. ഇദ്ദേഹം മധ്യപ്രദേശിലെ നിയമ−വിവരാവകാശ സെല്ലിന്റെ ചെയർമാൻ സ്ഥാനമാണ് രാജിവച്ചത്. രാഹുൽ ഗാന്ധിയെ കൂടുതൽ പ്രതിസന്ധിയിലാക്കാൻ സാധിക്കില്ലെന്നും അദ്ദേഹത്തിന് സ്വന്തം ടീമിനെ തെരഞ്ഞെടുക്കാൻ എല്ലാവരും രാജി സമർപ്പിക്കണമെന്നുമാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തത്.

പോരാട്ടത്തിന് സാധിക്കുന്ന വിധത്തിൽ കോൺഗ്രസ് പാർട്ടിയെ ഉടച്ചുവാർക്കാനുള്ള അപേക്ഷയും ഇദ്ദേഹം രാഹുൽ ഗാന്ധിക്ക് മുന്നിൽ വച്ചു. ഇന്നനലെ ഉച്ചയ്ക്ക് നോർത്ത് വെസ്റ്റ് ദില്ലിയിൽ നിന്നുള്ള രാജേഷ് ലിലോതിയ ദില്ലി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രസിഡണ്ട് സ്ഥാനം രാജിവച്ചു. തൊട്ടുപിന്നാലെ നിരവധി നേതാക്കളാണ് രാജി പ്രഖ്യാപനം നടത്തിയത്. രാഹുൽ ഗാന്ധിക്ക് കൂടുതൽ ശക്തമായ നേതൃ നിര പടുത്തുയർത്തുന്നതിന് വേണ്ടിയാണ് ഈ കൂട്ടരാജിയെന്നാണ് വിവരം. രാഹുൽ ഗാന്ധി ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമോ ഇല്ലേയെന്നുള്ള ചോദ്യം നാളുകളായി ദേശീയ രാഷ്ട്രീയത്തിൽ  ഉയർന്നു നിൽക്കുന്നുണ്ട്. 

തിരഞ്ഞെടുപ്പിൽ കനത്ത പരാജയത്തിനു കാരണക്കാരായിട്ടും പല നേതാക്കളും സ്ഥാനങ്ങളിൽ കടിച്ചുതൂങ്ങിക്കിടക്കുന്നതിൽ രാഹുൽ വിഷമം പ്രകടിപ്പിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. പാർട്ടി ചെയർമാനെ തിര‍ഞ്ഞെടുക്കുന്നതിന് കോൺഗ്രസ് പ്രവർത്തക സമിതി വീണ്ടും ചേരും. അതിനു മുൻപ് നിരവധി പേർ ഇനിയും രാജിവയ്ക്കുമെന്നാണു സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed