രണ്ട് മാസം പ്രായമുള്ള മകളുടെ മൃതദേഹം കുഴിച്ച് മൂടി യുവതി വീടിനു തീയിട്ടു
ലക്നൗ: രണ്ട് മാസം പ്രായമുള്ള മകളെ വീടിനുള്ളിൽ കുഴിച്ച് മൂടി വീടിനു തീയിട്ട് യുവതി. ഉത്തർപ്രദേശിലെ സിതാപൂരിലാണ് സംഭവം.മകൾക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് മാനസിക പ്രയാസത്തിലായിരുന്നു യുവതി. കുഞ്ഞ് മരിച്ചതിന്‍റെ മനോവിഷമത്തിലാണ് യുവതി വീടിന് തീ വച്ചത്.
കുഞ്ഞിന് എത്ര ചികിത്സ നൽകിയിട്ടും അസുഖം മാറിയിരുന്നില്ല. കുഞ്ഞ് മരിച്ചതോടെ ഈ വിവരം യുവതി അയൽവാസികളെ അറിയിച്ചിരുന്നു. പിന്നീടാണ് കുഞ്ഞിനെ വീടിനുള്ളിൽ തന്നെ അടക്കം ചെയ്യുകയും ശേഷം വീടിന് തീ വയ്ക്കുകയും ചെയ്തത്.
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായും യുവതിയെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. യുവതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണെന്നും അസിസ്റ്റന്‍റ് പോലീസ് സുപ്രണ്ട് മധുബൻ സിംഗ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

