മതപരമായ ആവശ്യങ്ങൾക്കുള്ള ഫണ്ട് ശേഖരണം: പുതിയ നാല് ഉത്തരവുകൾ പുറപ്പെടുവിച്ച് ബഹ്റൈൻ
പ്രദീപ് പുറവങ്കര
മനാമ: മതപരമായ ആവശ്യങ്ങൾക്കായി ഫണ്ട് ശേഖരിക്കുന്നത് ക്രമീകരിക്കുന്നതിനായി നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം നാല് പുതിയ മന്ത്രിതല ഉത്തരവുകൾ പുറപ്പെടുവിച്ചു. ഔദ്യോഗിക ഗസറ്റിൽ ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഫണ്ട് ശേഖരണത്തിനുള്ള ലൈസൻസ് അപേക്ഷകൾ രജിസ്റ്റർ ചെയ്യുന്നതിനായി പുതിയ ഓഫീസ് സ്ഥാപിക്കുന്നതാണ് ഒന്നാമത്തെ ഉത്തരവ്. അപേക്ഷകൾ സ്വീകരിക്കുക, തുക ചെലവഴിക്കുന്ന രീതികൾ നിരീക്ഷിക്കുക, നിയമലംഘനങ്ങൾ തടയുക എന്നിവയാണ് ഈ ഓഫീസിന്റെ ചുമതലകൾ. ആവശ്യമെങ്കിൽ അനധികൃത ഫണ്ടുകൾ പിടിച്ചെടുക്കാനും പൊതുനന്മയ്ക്കായി വിനിയോഗിക്കാനും ഓഫീസിന് അധികാരമുണ്ടാകും.
രണ്ടാമത്തെ ഉത്തരവ് ഫണ്ട് ശേഖരണത്തിലെ നിയമലംഘനങ്ങൾക്കുള്ള ഭരണപരമായ പിഴകളെക്കുറിച്ചാണ്. ലൈസൻസില്ലാതെ ഫണ്ട് ശേഖരിക്കുകയോ അനുവദിച്ച നിബന്ധനകൾ ലംഘിക്കുകയോ ചെയ്താൽ 10 ദിനാർ മുതൽ 10,000 ദിനാർ വരെ പിഴ ഈടാക്കും. കൃത്യമായ സാമ്പത്തിക രേഖകൾ സൂക്ഷിക്കാതിരിക്കുക, സാമ്പത്തിക റിപ്പോർട്ടുകൾ സമർപ്പിക്കാതിരിക്കുക, പരിശോധനകൾക്ക് തടസ്സം നിൽക്കുക തുടങ്ങിയ ലംഘനങ്ങൾക്ക് 10 ദിനാർ മുതൽ 3,000 ദിനാർ വരെയാണ് പിഴ.
ഫണ്ട് ശേഖരണത്തിനുള്ള ലൈസൻസ് അപേക്ഷാ ഫോമുകൾ, ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ഭരണപരമായ ചെലവുകൾ എന്നിവ അംഗീകരിച്ചുകൊണ്ടുള്ളതാണ് മറ്റു തീരുമാനങ്ങൾ.
AAA

