നേപ്പാളിലേക്ക് ഇന്ത്യയുടെ സഹായഹസ്തം: 68.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ കൈമാറി
ശാരിക
ന്യൂഡൽഹി: മിന്നൽപ്രളയം കടുത്ത നാശം വിതച്ച നേപ്പാളിലേക്ക് ഇന്ത്യ ഇതുവരെ അയച്ചത് 68.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ. ദുരിതാശ്വാസ വസ്തുക്കളുമായി ഇന്ത്യയിൽ നിന്നുള്ള നാലാമത്തെ വിമാനവും നേപ്പാളിൽ എത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പുതപ്പുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, ഹൈജീൻ കിറ്റുകൾ എന്നിവയുൾപ്പെടെ 11 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് കഴിഞ്ഞ ദിവസം ഇന്ത്യ നേപ്പാളിന് കൈമാറിയത്. ഇതിനുപുറമേ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തുരംഗ സാങ്കേതിക വിദഗ്ധരുടെ സംഘവും മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായുള്ള ഡിഎൻഎ പരിശോധനകൾക്കായി ഫോറൻസിക് സംഘവും ഇന്ത്യയിൽ നിന്ന് നേപ്പാളിലെത്തിയിട്ടുണ്ട്.
മിന്നൽപ്രളയത്തെത്തുടർന്ന് നേപ്പാളിലെ ജലവൈദ്യുത പദ്ധതിയുടെ തുരംഗങ്ങളിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക പരിശോധനാ ഉപകരണങ്ങളും സാങ്കേതിക വിദഗ്ധരെയും ഇന്ത്യ അയച്ചത്. ദുരന്തത്തിന് പിന്നാലെ ഫോറൻസിക്, ഡിഎൻഎ പരിശോധനകളിൽ വൈദഗ്ധ്യമുള്ള വിദേശസഹായം നേപ്പാൾ അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് നേപ്പാളിലെ ഫോറൻസിക് ടീമുമായി ചേർന്ന് പ്രവർത്തിക്കാനാണ് ഇന്ത്യൻ സംഘം എത്തിയിരിക്കുന്നത്.
തകർന്ന ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ 42 ബെയ്‌ലി പാലങ്ങൾ നിർമ്മിക്കുന്നതിനായി നേപ്പാൾ ഇന്ത്യയുടെയും ചൈനയുടെയും സഹായം തേടിയിരുന്നു. ഇതിന്റെ ഭാഗമായി 230 അടിയുള്ള ഒറ്റ ലൈൻ മോഡ്യുളർ സ്റ്റീൽ ബ്രിഡ്ജ് 16 ട്രക്കുകളിലായി ഇന്ത്യ നേപ്പാളിൽ എത്തിച്ചു. ഏഴ് ബെയ്‌ലി പാലങ്ങൾ കൂടി നിർമ്മിക്കാനുള്ള സാമഗ്രികൾ ഉടൻ തന്നെ ഇന്ത്യ കൈമാറും.
aa

