കൈക്കൂലി വാങ്ങി മുങ്ങാൻ നോക്കി; ഫുഡ് ഇൻസ്‌പെക്ടർക്ക് പഴകിയ ബിസ്കറ്റ് തീറ്റിച്ച് നാട്ടുകാരുടെ 'ഡിജിറ്റൽ' പണി
ഷീബ വിജയൻ
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംബാജിനഗറിൽ കാലാവധി അവസാനിച്ച ഭക്ഷ്യവസ്തുക്കൾ വിറ്റഴിക്കുന്നതിനെതിരെ നടപടിയെടുക്കാൻ എത്തിയ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) ഉദ്യോഗസ്ഥന് നാട്ടുകാരുടെ കടുത്ത പ്രതിഷേധം നേരിടേണ്ടിവന്നു. പ്രദേശത്തെ പാൽ കടയിൽ നിന്ന് വാങ്ങിയ ലഘുഭക്ഷണം കഴിച്ച് രണ്ടു വയസ്സുള്ള ഒരു കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുട്ടി തലകറങ്ങി വീഴുകയും ചെയ്തതിനെ തുടർന്നാണ് കുടുംബാംഗങ്ങളും നാട്ടുകാരും എഫ്.ഡി.എ ഓഫീസിൽ പരാതി നൽകിയത്. തുടര്‍ന്ന് പരിശോധനയ്ക്കായി എത്തിയ ഉദ്യോഗസ്ഥൻ കടയിൽ നിന്ന് കാലഹരണപ്പെട്ട നിരവധി ബിസ്കറ്റ് പാക്കറ്റുകൾ കണ്ടെത്തിയെങ്കിലും കടക്കാരനെതിരെ കർശന നടപടിയൊന്നും സ്വീകരിക്കാതെ കൈക്കൂലി വാങ്ങി വിഷയം ഒതുക്കിതീർക്കാൻ ശ്രമിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം.
രോഷാകുലരായ ജനക്കൂട്ടം ഉദ്യോഗസ്ഥനെ വളയുകയും ബിസ്കറ്റുകൾ സുരക്ഷിതമാണെങ്കിൽ അവ കഴിക്കാൻ അദ്ദേഹത്തെ വെല്ലുവിളിച്ചുകൊണ്ട് നിർബന്ധിച്ച് വായയിൽ വെക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മായം ചേർക്കലും കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും തടയാൻ മഹാരാഷ്ട്ര എഫ്.ഡി.എ കഴിഞ്ഞ ആഴ്ചകളിലായി നിരവധി പരിശോധനകൾ നടത്തിവരുന്നതിനിടയിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
dfsdfsdfs

