ചികിത്സ വൈകിയതിനെ തുടർന്ന് നാല് ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു
ബറേലി: ചികിത്സ വൈകിയതിനെ തുടർന്ന് ഉത്തർപ്രദേശിലെ ബറേലിയിൽ നാല് ദിവസം പ്രായമുള്ള പെൺകുട്ടി മരിച്ചു. ശ്വാസ തടസ്സം നേരിട്ട കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ ചികിത്സിക്കാൻ വിസ്സമ്മതിച്ചതിനെ തുടർന്ന് മൂന്ന് മണിക്കൂറോളം ചികിത്സ വൈകി. ബറേലിയിലെ സർക്കാർ ആശുപത്രിയിൽ ബുധനാഴ്ചയാണ് സംഭവം.
ശ്വാസതടസ്സം നേരിട്ട കുട്ടിയെ പുരുഷന്മാരുടെ ആശുപത്രിയിലാണ് മാതാപിതാക്കൾ ആദ്യം എത്തിച്ചത്. പ്രാഥമിക ചികിത്സ നൽകാതെ ഡോക്ടർമാർ കുഞ്ഞിനെ വനിതകളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. വനിതകളുടെ ആശുപത്രിയിലെത്തിയപ്പോൾ കിടക്കാൻ ബെഡില്ലെന്ന് പറഞ്ഞ് വീണ്ടും പുരുഷന്മാരുടെ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. സഹികെട്ട മാതാപിതാക്കൾ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. മൂന്ന് മണിക്കൂറാണ് ആശുപത്രി അധികൃതർ ചുറ്റിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമെന്ന് മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു.
കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നൽകിയ കുറിപ്പും പുറത്തുവന്നു. സംഭവം വിവാദമായതോടെ ഇരു ആശുപത്രി അധികൃതരും പരസ്പരം പഴിചാരി രംഗത്തെത്തി. വിമർശനത്തെ തുടർന്ന് പുരുഷ ആശുപത്രിയിലെ പ്രിസൈഡിംഗ് ഡോക്ടറെ സസ്പെന്‍റ് ചെയ്തു. അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ നടപടിയെടുത്തതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അറിയിച്ചു.

