വിവരങ്ങൾ പുറത്തുവിട്ടു : ബെഹ്റ എൻഐഎയിൽനിന്ന് പുറത്ത്
ന്യൂഡൽഹി : ഡിജിപി ലോക്നാഥ് ബെഹ്റയെ ദേശീയ അന്വേഷണ ഏജൻസിയിൽനിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് കൂടുതൽ പ്രതികരണവുമായി ആഭുഅന്തര മന്ത്രാലയം. ഇന്ത്യൻ മുജാഹിദീൻ ഭീകരൻ യാസിൻ ഭട്കൽ പിടിയിലായതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ പുറത്താക്കിയതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. വിവരം പുറത്തുവിട്ടത് ആരെന്നു വ്യക്തമായ രാത്രിയിൽത്തന്നെ ബെഹ്റയെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവു നൽകുകയായിരുന്നു.
ഭീകരൻ ഡേവിഡ് ഹെഡ്‌ലിയെ യുഎസിൽ ചോദ്യം ചെയ്യാൻ പോയ സംഘത്തിൽ ബെഹ്റയുമുണ്ടായിരുന്നു. ഈ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടും ബെഹ്റയ്ക്കെതിരെ ആരോപണമുണ്ടായി. ബെഹ്റയെ ഡിജിപിയായി നിയമിച്ച നടപടി ഉചിതമായില്ലെന്നു നിലപാടെടുത്തിരുന്നുവെന്ന് സിപിഎം കേന്ദ്ര നേതാക്കളിൽ ചിലർ സൂചിപ്പിച്ചു. സീനിയോറിറ്റി മറികടന്നായിരുന്നു നിയമനമെന്ന് അന്ന് അറിയില്ലായിരുന്നുവെന്നും നേതാക്കൾ പറയുന്നു.
