ബന്ധു നിയമന വിവാദം; കെ ടി ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നോട്ടീസ് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ജലീലിനെ പിന്തുണച്ചത്. കെ ടി അദീബന്‍റെ നിയമനത്തിന് സമാനമായമായ നിയമനം യുഡിഎഫിന്‍റെ കാലത്തും നടന്നിട്ടുണ്ട്. നിങ്ങളുടെ കാലത്തെ രീതികളല്ല ഇപ്പോഴെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി മറുപടി ആരംഭിച്ചത്.
ഫൈസല്‍ മുനീറിന്‍റെ നിയമനം ഇത്തരത്തിലായിരുന്നു. യുപി സ്കൂള്‍ അധ്യാപകനെ വിസിയായി നിയമിക്കാന്‍ യുഡിഎഫ് ശ്രമിച്ചിട്ടുണ്ടെന്നും യുഡിഎഫ് ഇതുവരെ നടത്തിയ ബന്ധുനിയമ അഴിമതിയുടെ മൊത്തം വിവരങ്ങളും തന്‍റെ കൈയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബന്ധു നിയമന വിവാദത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി ജിലീലിനെ പിന്തുണച്ച് സംസാരിക്കുന്നത്. പ്രതിപക്ഷത്ത് നിന്നും കെ മുരളീധരന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.
സര്‍ക്കാറിന് ബാധ്യതയില്ലാത്ത നിയമനമായിരുന്നു അദീബിന്‍റെതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ വിഷയത്തില്‍ സത്യപ്രതിജ്ഞാ ലംഘനം നടന്നിട്ടില്ല. അനാവശ്യ വിവാദം ആവശ്യമില്ലെന്നും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അടിയന്തര പ്രാധാന്യമില്ലാത്ത വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് വിജ്ഞാപനം പോലും ചെയ്യാതെയായിരുന്നു നിയമനം നടത്തിയിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
