വനിതാ ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ മേരി കോമിന് സ്വർണം


ന്യൂഡൽഹി : വനിതാ ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണ നേട്ടവുമായി ഇന്ത്യൻ താരം മേരി കോം. 48 കിലോഗ്രാം ഫൈനലിൽ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെയാണ് മേരി കോം തോൽപ്പിച്ചത്. ഇതോടെ ലോക ചാംപ്യൻഷിപ്പിലെ ആറാം സ്വർണമാണ് മേരി കോം സ്വന്തമാക്കിയത്. ലോക ചാംപ്യൻഷിപ്പിൽ മേരിയുടെ ആകെ മെഡലെണ്ണം ഏഴായി. ഇതോടെ, ലോകചാംപ്യന്‍ഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടുന്ന താരമായി മേരി കോം മാറി.

വ്യാഴാഴ്ച നടന്ന സെമി പോരാട്ടത്തിൽ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോൽപ്പിച്ചാണ് മേരി കോം ഫൈനലിൽ കടന്നത്. മേരി കോമിന്റെ സ്വർണ നേട്ടത്തോടെ ഈ വർഷത്തെ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം മൂന്നായി. മേരി കോമിന്റെ സ്വർണത്തിനു പുറമെ സെമിഫൈനലുകളിൽ പരാജയപ്പെട്ട ഇന്ത്യൻ താരങ്ങൾ സിമ്രൻജിത് കൗറും ലോവ്‌ലിന ബോർഗോഹെയ്നും വെങ്കലം നേടിയിരുന്നു. 57 കിലോഗ്രാം വിഭാഗത്തിൽ സോണിയ ചാഹലും ഫൈനലിൽ ഇറങ്ങുന്നതിനാൽ സ്വർണ നേട്ടം നാലാക്കി വർധിപ്പിക്കാനും ഇന്ത്യയ്ക്ക് അവസരമുണ്ട്.

ഇതിനു മുൻപ് 2008ലാണ് ഇന്ത്യ ലോക ചാംപ്യൻഷിപ്പിൽ നാലു മെഡലുകൾ നേടിയത്. അന്ന് ഒരു സ്വർണം, ഒരു വെളളി, 2 വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം. ഇത്തവണ സോണിയ കൂടി ഫൈനൽ ജയിച്ചാൽ ആ നേട്ടം മെച്ചപ്പെടുത്താം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed