ശബരിമല : പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ഇന്ന് പരിഗണിക്കും


ന്യൂഡൽഹി : ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. യുവതീപ്രവേശ വിധി നടപ്പാക്കുന്നത് ആരാധനാ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന മൂന്ന് റിട്ട് ഹർജികൾ രാവിലെയും, 49 പുനഃപരിശോധനാ ഹർജികൾ ഉച്ചകഴിഞ്ഞു മൂന്നിനുമാണ് പരിഗണിക്കുന്നത്. പുനഃപരിശോധനാ ഹർജികൾ ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ പരിഗണിക്കുമ്പോൾ റിട്ട് ഹർജികൾ ചീഫ് ജസ്റ്റിസ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്.

ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന് കഴിഞ്ഞ സെപ്റ്റംബർ 28നാണ് ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷവിധിയിൽ വ്യക്തമാക്കിയത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ യുവതീപ്രവേശത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് വിധിയെ എതിർത്തത്. വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹർജികളും പരിശോധിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ, പുനഃപരിശോധനാ ബെഞ്ചിലെ അഞ്ചാമത്തെയാളും അധ്യക്ഷനുമായി ചീഫ് ജസ്റ്റിസ് ഗൊഗോയ് ആണ് എത്തിയിരിക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed