ശബരിമല: കോടതിയലക്ഷ്യ അപേക്ഷയില്‍ തീരുമാനം എടുക്കുന്നതില്‍ നിന്നും അറ്റോര്‍ണി ജനറല്‍ പിന്മാറി
ദില്ലി: ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കുന്നത് തടഞ്ഞവര്‍ക്ക് എതിരായ കോടതിയലക്ഷ്യ അപേക്ഷയില്‍ തീരുമാനം എടുക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പിന്മാറി. പിന്മാറ്റത്തിനുള്ള കാരണം വ്യക്തമല്ല. ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠര് രാജീവര്, രാമ രാജന്‍ വര്‍മ്മ, മുരളീധരന്‍ ഉണ്ണിത്താന്‍, കൊല്ലം തുളസി എന്നിവര്‍ക്ക് എതിരെയാണ് കോടതിയലക്ഷ്യ നടപടിക്ക് ഉള്ള അപേക്ഷ. കോടതിയലക്ഷ്യ നടപടിക്കുള്ള അനുമതി തേടി ഗീന കുമാരി, എ വി വര്‍ഷ എന്നിവര്‍ നല്‍കിയ അപേക്ഷ കെ കെ വേണുഗോപാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കൈമാറി. അടുത്ത ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ഉള്ളില്‍ അപേക്ഷയില്‍ തീരുമാനം എടുക്കുമെന്ന് തുഷാര്‍ മേത്ത അറിയിച്ചു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി കെകെ വേണുഗോപാല്‍ ഹാജരായിരുന്നു. കൂടാതെ ശബരിമല യുവതി പ്രവേശന വിധിയെ അദ്ദേഹം പരസ്യമായി എതിര്‍ത്തിരുന്നു.

