ചിത്തിര ആട്ടവിശേഷപൂജയ്ക്കായി തിങ്കളാഴ്ച നടതുറക്കും; ഇന്നുമുതല്‍ നിരോധനാജ്ഞ


പത്തനംതിട്ട: തിങ്കളാഴ്ച ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി നിലയ്ക്കല്‍, പമ്പ, ഇളവുങ്കല്‍, സന്നിധാനം എന്നിവങ്ങളില്‍ ഇന്നു മുതല്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. മാധ്യമങ്ങള്‍ക്കും പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിവുപോലെ നട തുറക്കുന്നതിനു മുന്‍പ് മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല. തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് മാത്രമേ മാധ്യമപ്രവര്‍ത്തകരെ നിലയ്ക്കല്‍ നിന്നും കടത്തിവിടു. ചിത്തിര ആട്ടവിശേഷപൂജയ്ക്കായി തിങ്കളാഴ്ചയാണ് നട തുറക്കുന്നത്. ദര്‍ശനത്തിന് സ്ത്രീകള്‍ എത്തിയാല്‍ അവരെ കടത്തിവിടാന്‍ പൊലീസ് സജ്ജമാണെന്ന് പത്തനംതിട്ട എസ്പി ടി നാരായണന്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ പത്തനംതിട്ട ജില്ലയില്‍ കനത്ത സുരക്ഷ ഒരുക്കും. ശബരിമലയിലും പരിസരത്തും അതീവ ജാഗ്രത ഒരുക്കുന്നതിനോടൊപ്പം പരിശോധന ശക്തിപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു.

 യുവതിപ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിലയ്ക്കല്‍ മുതല്‍ ശബരിമലവരെ പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെ നാല് മേഖലകളായി പൊലീസ് തിരിച്ചിട്ടുണ്ട്. ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്ത് ഉള്‍പ്പടെ മുഴുവന്‍ ഉദ്യോഗസ്ഥരും സന്നിധാനത്തും നിലയ്ക്കലുമായി നില ഉറപ്പിക്കും. രണ്ട് ഐജിമാര്‍, രണ്ട് എസ്പിമാര്‍, പത്ത് ഡിവൈഎസ്പിമാര്‍ അടക്കം 1200 പൊലീസുകാരെയാണ് വടശ്ശേരിക്കര, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed