പെൺകുട്ടികളെ ബഹുമാനിക്കുകയും ആൺകുട്ടികളെ ഉത്തരവാദിത്വ ബോധത്തോടെയും വളർത്തണം : മോദി
മാണ്ട്ല (മധ്യപ്രദേശ്) : കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവർക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥചെയ്യുന്ന ഓർഡിനൻസ് കുറ്റകൃത്യങ്ങൾ തടയുന്നതിലുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ രാജ്യത്തെ ജനങ്ങൾ പെൺകുട്ടികളെ ബഹുമാനിക്കുകയും ആൺകുട്ടികളെ കൂടുതൽ ഉത്തരവാദിത്വ ബോധത്തോടെ വളർത്തുകയും ചെയ്യണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു.
പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കാൻ എല്ലാവരും ഒന്നിക്കണം. ഇതിനുവേണ്ടി സാമൂഹിക മുന്നേറ്റംതന്നെ ഉണ്ടാകണം. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയാൻ കുറ്റവാളികൾക്ക് വധശിക്ഷ തന്നെ നൽകണമെന്ന അഭിപ്രായം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് മുന്നോട്ടുവെച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ നിർദ്ദേശത്തെ എല്ലാവരും സ്വാഗതം ചെയ്തു. ജനങ്ങളുടെ അഭിപ്രായം മാനിച്ച് തീരുമാനമെടുക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളത്. അതുകൊണ്ടാണ് വധശിക്ഷ ഉറപ്പാക്കുന്ന ഓർഡിനൻസ് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ മാണ്ട്ല ജില്ലയിലെ റാംനഗറിൽ ദേശീയ പഞ്ചായത്തിരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രിപെൺകുട്ടികളുടെ സുരക്ഷ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.
12 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവർക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥചെയ്യുന്ന ഓർഡിനൻസിന് കഴിഞ്ഞ ഏപ്രിൽ 12ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. കഠ്്വയിലും ഉന്നാവിലും സൂറത്തിലും നടന്ന സംഭവങ്ങൾ രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലായിരുന്നു ഇത്.
