യെദ്യൂരപ്പയ്ക്ക് അധികാരം കിട്ടിയാൽ മൂന്നു മാസം പോലും കർണാടകത്തിൽ മുഖ്യമന്ത്രിയായി ഇരിക്കില്ലന്ന് പ്രകാശ് രാജ്
ഉഡുപ്പി : കർണ്ണാടത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽപ്പോലും ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി മുന്നോട്ട് പോകില്ലെന്ന് നടൻ പ്രകാശ് രാജ്. സാമുദായിക സൗഹാർദ്ദം തകർക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളെ പ്രകാശ് രാജ് കടുത്ത ഭാഷയിൽ വിമർശിച്ചു. ഉഡുപ്പിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിദ്ധരാമയ്യയാണ് യെദ്യൂരപ്പയേക്കാൾ മികച്ചയാൾ. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ നിരവധി നല്ല കാര്യങ്ങൾ സിദ്ധരാമയ്യ ജനങ്ങൾക്കുവേണ്ടി ചെയ്തിട്ടുണ്ട്. ആത്മാഭിമാനമില്ലാത്ത ആളാണ് യെദ്യൂരപ്പ. അധികാരം കിട്ടിയാൽ യെദ്യൂരപ്പ മൂന്നു മാസം പോലും കർണാടകത്തിന്റെ മുഖ്യമന്ത്രിയായി ഇരിക്കില്ല. തനിക്ക് ഹിന്ദുക്കളോട് യാതൊരു വിദ്വേഷവുമില്ല. ഇന്ത്യക്കാർ സഹവർത്തിത്വത്തോടെ ജീവിക്കണം എന്ന ആഗ്രഹം മാത്രമാണുള്ളത്. എന്നാൽ തന്നെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. ഹിന്ദുക്കളെ നയിക്കാൻ ബി.ജെ.പി കരാർ എടുത്തിട്ടുണ്ടോ? എന്തിനാണ് ബി.ജെ.പി നേതാക്കൾ പതിവായി വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത്?− പ്രകാശ് രാജ് ചോദിച്ചു.
തിരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കർണാടകത്തിൽ ബി.ജെ.പി പ്രശ്നങ്ങളുണ്ടാക്കാൻ ഇടയുണ്ട്. ജനാധിപത്യ പ്രക്രിയ സമാധാനപരമായി പൂർത്തിയാക്കാൻ അവർ ഒരിക്കലും സമ്മതിക്കില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് 12ന് മുന്പ് കർണാടകത്തിൽ വലിയ സംഘർഷം നടക്കാൻ ഇടയുണ്ടെന്നും പ്രകാശ് രാജ് ആശങ്ക പ്രകടിപ്പിച്ചു.
ബി.ജെ.പി അധികാരത്തിലെത്തിയ ഉത്തർപ്രദേശും ത്രിപുരയും അടക്കമുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പി വലിയ സംഘർഷങ്ങളുണ്ടാക്കി. ലെനിന്റെ പ്രതിമ തകർത്തു. അക്രമത്തിൽ ഏർപ്പെട്ടുകൊണ്ടും ജനങ്ങളെ വിഘടിപ്പിക്കുന്നതിന് വർഗീയ വിഷം കുത്തിവെച്ചുമാണ് ബി.ജെ.പി പ്രവർത്തിക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.
