സുപ്രീംകോടതിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫുൾ കോർട്ട് വിളിക്കണമെന്ന് ജഡ്ജിമാർ
ന്യൂഡൽഹി : സുപ്രീംകോടതി ഫുൾ കോർട്ട് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ജഡ്ജിമാരുടെ കത്ത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്‍റെ സുരക്ഷയ്ക്കും ഭാവിക്കും ഇത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാർ കത്തയച്ചത്. കൂടുതൽ ജഡ്ജിമാർ ഈ ആവശ്യവുമായി രംഗത്തെത്തിയെന്നാണ് വിവരം.
ജസ്റ്റിസുമാരായ രഞ്ജൻ ഗോഗോയും എം.ബി ലോകൂറുമാണ് കത്തയച്ചത്. കോടതിയിലെ പ്രശ്നങ്ങളും ഭാവിയും ചർച്ച ചെയ്യണമെന്നാണ് ആവശ്യം. ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷ പാർട്ടികൾ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നോട്ടീസ് തള്ളുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഫുൾകോർട്ട് വിളിക്കണമെന്ന ആവശ്യവുമായി ജഡ്ജിമാർ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ജസ്റ്റീസ് മിശ്ര കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ നടന്ന ജഡ്ജിമാരുടെ യോഗത്തിലും പിന്നീട് ചായ സമയത്തും ജഡ്ജിമാർ ഫുൾകോർട്ട് സംബന്ധിച്ച് വിഷയം അവതരിപ്പിച്ചെങ്കിലും ചീഫ് ജസ്റ്റീസ് പ്രതികരിച്ചില്ലെന്നാണ് വിവരം. നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട് സുപ്രധാന വിഷയങ്ങൾ ഉയരുന്ന സമയത്താണ് സാധാരണയായി സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഫുൾകോർട്ട് വിളിക്കാറുള്ളത്. സുപ്രീംകോടതിയിലെ മുഴുവൻ ജഡ്ജിമാരും ഈ യോഗത്തിൽ പങ്കെടുക്കണമെന്നാണ് ചട്ടം.
