തൊഴിലാളികളുടെ നൈപുണ്യ വികസനത്തിന് ഇന്ത്യ-യു.എ.ഇ സഹകരണം
ഷാർജ : തൊഴിലാളികളുടെ നൈപുണ്യ വികസനത്തിന് ഇന്ത്യയും യു.എ.ഇയും യോജിച്ചു പ്രവർത്തിക്കാൻ ധാരണ. ഇന്ത്യൻ തൊഴിലാളികൾക്കു കൂടുതൽ അവസരങ്ങൾ ലഭ്യമാകാൻ ഇതു സഹായകമാകും. സാങ്കേതിക വിദ്യകളും സാഹചര്യങ്ങളും മാറുന്നതിനനുസരിച്ചു തൊഴിലാളികളുടെ മികവു വർദ്ധിപ്പിക്കുകയാണു ലക്ഷ്യമെന്നും നൈപുണ്യവികസന മന്ത്രാലയം സെക്രട്ടറി പറഞ്ഞു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണ ത്തോടെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എഫ്.ഐ.സി.സി.ഐ), യു.എ.ഇ മനുഷ്യവിഭവശേഷി − സ്വദേശിവൽകരണ മന്ത്രാലയം, ഇന്ത്യയുടെ നൈപുണ്യവികസന മന്ത്രാലയം എന്നിവ ചേർന്നു സംഘടിപ്പിച്ച കോൺഫറൻസിൽ കർമപരിപാടി തയ്യാറാക്കി.
യു.എ.ഇയിലെ തൊഴിലവസരങ്ങൾക്കു യോജിച്ചവിധം തൊഴിലാളികൾക്കു വിദഗ്ദ്ധ പരിശീലനം നൽകുകയാണ് ലക്ഷ്യം. യോഗ്യത, കഴിവുകൾ, പ്രവൃത്തിപരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക് അവസരങ്ങൾ ലഭ്യമാകും. യോഗ്യതയുടെ അടിസ്ഥാനത്തിൽ അനുയോജ്യ തൊഴിൽ ലഭ്യമാകും.
അനുയോജ്യമായ തൊഴിലാണോ ലഭ്യമായതെന്നും അർഹമായ വേതനമുണ്ടോയെന്നും പരിശോധിക്കാൻ സാധിക്കുമെന്നതും പുതിയ സംവിധാനത്തിന്റെ നേട്ടമാണ്. തൊഴിലാളികൾ വഞ്ചിതരാകുന്ന സാഹചര്യം ഒഴിവാകുകയും ചെയ്യും. സന്പദ് വ്യവസ്ഥയിൽ ഉൾപ്പെടെ സമഗ്രമാറ്റത്തിന്റെ പാതയിലുള്ള യു.എ.ഇയിൽ കഴിവുറ്റ തൊഴിലാളികളെ കൂടുതലായി ആവശ്യമുണ്ടെന്ന് മനുഷ്യ വിഭവശേഷി − സ്വദേശിവൽകരണ മന്ത്രാലയം അസി. അണ്ടർസെക്രട്ടറി പറഞ്ഞു.
