എതിർക്കുന്നത് മോദിയെ അല്ല ചില നയങ്ങളെയാണ് : താക്കറെ

മുംബൈ : താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശകനല്ലെന്നും കേന്ദ്ര സർക്കാരിന്റെ ചില നയങ്ങളെയാണ് എതിർക്കുന്നതെന്നും ശിവസേനാ പ്രസിഡന്റ് ഉദ്ധവ് താക്കറെ. മോദിയുടെ വിമർശകനല്ല, അതേയസമയം മോദി സർക്കാരിന്റെ ചില നയങ്ങളോടു വിയോജിപ്പുണ്ട്. അത് മനസ്സിൽ െവച്ചുകൊണ്ടിരിക്കാൻ അറിയില്ല. തുറന്നു പറയും, ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെ ഉദ്ധവ് പറഞ്ഞു. ശിവസേനയുടെ മുഖപത്രമായ സാംമ്നയിലൂടെ കേന്ദ്രസർക്കാരിനേയും മോദിയേയും നിരന്തരം വിമർശിക്കുന്നതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ഉദ്ധവ്.
ത്രിപുരയിൽ ബി.ജെ.പിയുടെ വിജയത്തിന്റെ ആസൂത്രകൻ എന്നു വിശേഷിപ്പിക്കുന്ന, മഹാരാഷ്ട്രയിൽ നിന്നുള്ള ആർ.എസ്.എസ് പ്രചാരക് സുനിൽ ദേവ്ധറും ചടങ്ങിൽ പങ്കെടുത്തു. സുനിൽ ദേവ്ധർ സദസ്സിലിരിക്കെയാണ് ഉദ്ധവ് തന്റെ പ്രസംഗത്തിലെ രാഷ്ട്രീയ കാര്യങ്ങൾ പറഞ്ഞത്.
ഹിന്ദുക്കൾ എന്ന വിചാരത്തിൽ നാം ഒന്നിച്ചു നിന്നാൽ വോട്ടുകൾ ഭിന്നിക്കില്ലെന്ന് ഉദ്ധവ് പറഞ്ഞു. എന്നാൽ അഭിപ്രായങ്ങളിലും ചിന്തകളിലും വൈരുദ്ധ്യം വന്നാൽ ആരാണ് യഥാർഥ ഹിന്ദു എന്ന ചോദ്യവും ഉയരും. താങ്കൾ (സുനിൽ) 28 വർഷത്തിനു ശേഷമാണ് മഹാരാഷ്ട്രയിലേക്ക് തിരിച്ചെത്തുന്നത്. താങ്കൾ ഇവിടം വിട്ടു പോയില്ലായിരുന്നു എങ്കിൽ ഈ സംസ്ഥാനം കൂടുതൽ മെച്ചപ്പെടുമായിരുന്നു. കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തിൽ നാം ഒന്നിച്ചു നിന്നു. എന്നാൽ അച്ഛെ ദിൻ വന്നപ്പോൾ ശിവസേനയെ ആവശ്യമില്ലാതായി. അതാണ് എന്നെ വേദനിപ്പിക്കുന്നത്, ഉദ്ധവ് പറഞ്ഞു.