പോക്സോ നിയമഭേദഗതി ഓർഡിനൻസിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി : പന്ത്രണ്ട് വയസിന് താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിച്ചാൽ പ്രതികൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന പോക്സോ നിയമഭേദഗതി ഓർഡിനൻസിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അനുമതി. ഇതോടെ പന്ത്രണ്ട് വയസിന് താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ വിധിക്കാൻ കോടതികൾക്ക് അധികാരമായി. ശനിയാഴ്ചയാണ് കേന്ദ്രമന്ത്രിസഭ ഇത് സംബന്ധിച്ച ഓർഡിനൻസ് അംഗീകരിച്ചത്.
രാജ്യത്തെ ഞെട്ടിച്ച കഠ്്വ കൂട്ടബലാത്സംഗത്തിൽ എട്ട് വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നാലെ ജനരോഷം അണപൊട്ടിയിരുന്നു. പ്രതിഷേധം ആർത്തിരന്പിയ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിസഭാ തീരുമാനം.
ഓർഡിനൻസിലെ പ്രധാന വ്യവസ്ഥകൾ: പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടി മാനഭംഗത്തിനിരയായി മരിക്കുകയോ ജീവച്ഛവമാകുകയോ ചെയ്താൽ പ്രതിക്ക് മരണശിക്ഷ. കുട്ടി മരിച്ചില്ലെങ്കിലും കൂട്ടമാനഭംഗമാണെങ്കിൽ പ്രതികൾക്കു മരണം വരെയുള്ള ജീവപര്യന്തം ലഭിക്കും. പന്ത്രണ്ട് വയസിൽ താഴെയുള്ളവരെ മാനഭംഗം ചെയ്യുന്നവർക്കുള്ള കുറഞ്ഞ ശിക്ഷ 20 വർഷമായിരിക്കും. പന്ത്രണ്ട് വയസിനും 16 വയസിനും ഇടയിലുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്കുള്ള കുറഞ്ഞ ശിക്ഷ 10 വർഷം കഠിന തടവിൽ നിന്ന് 20 വർഷമാക്കി. പ്രത്യേക സാഹചര്യത്തിൽ ശിക്ഷ സ്വാഭാവിക മരണം വരെയുള്ള ജീവപര്യന്തമായി നീട്ടാം. കൂട്ടമാനഭംഗമെങ്കിൽ പ്രതികൾക്കു ജീവപര്യന്തമാണ് വ്യവസ്ഥ. 16 വയസിൽ കൂടൂതലുള്ളവരെ മാനഭംഗപ്പെടുത്തിയാൽ കുറഞ്ഞ ശിക്ഷ ഏഴുവർഷം കഠിന തടവിൽനിന്നു 10 വർഷം കഠിനതടവാക്കി. ഇത്തരം കേസുകളിലെ പ്രതികൾക്കു മുൻകൂർ ജാമ്യത്തിന് അനുമതിയില്ല. ഇത്തരം കേസുകൾക്കായി അതിവേഗ കോടതികൾ സ്ഥാപിക്കും. അന്വേഷണവും വിചാരണയും നാല് മാസത്തിനകം പൂർത്തിയാക്കണം. പീഡനക്കേസുകൾക്കായുള്ള പ്രത്യേക ഫൊറൻസിക് കിറ്റുകൾ രാജ്യത്തെ മുഴുവൻ പോലീസ് േസ്റ്റഷനുകളിലും ആശുപത്രികളിലും ഭാവിയിൽ ലഭ്യമാക്കുകയും ചെയ്യും.