പവിഴ ദ്വീപിൽ മാലിന്യങ്ങൾ പെരുകുന്നു

മനാമ : ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഓർമ്മപ്പെടുത്തി ലോകം ഇന്ന് ഭൗമ ദിനം ആചരിക്കുന്പോഴും ലോകത്തെന്പാടും ഉള്ളത് പോലെ തന്നെ മാലിന്യങ്ങളുടെ ആധിക്യവും വാഹനപ്പെരുപ്പവും കൊണ്ട് വീർപ്പുമുട്ടുന്ന അവസ്ഥയാണ് ബഹ്‌റൈനും. ഓരോ കുടുംബത്തിലെയും ഓരോ അംഗം പോലും വാഹനം വാങ്ങുവാൻ തുടങ്ങിയതോടെ രാജ്യത്ത് വാഹനങ്ങളുടെ എണ്ണവും ദിനം പ്രതി അധികരിച്ചു കൊണ്ടിരിക്കുന്നു. സ്വദേശികൾക്കൊപ്പം തന്നെ വിദേശികളും ഇപ്പോൾ ഏറെക്കുറെ വാഹനങ്ങൾ സ്വന്തമാക്കാൻ തുടങ്ങിയതോടെ ഗതാഗതത്തിരക്കും വർദ്ധിച്ചു. അതോടൊപ്പം തന്നെ വാഹനങ്ങൾ പുറന്തള്ളുന്ന കാർബണിന്റെ അളവും കൂടി വരികയാണ്. കൂടുതൽ പുക പുറന്തള്ളുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നത് നിയമ ലംഘനമായി കണക്കാക്കിയിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള നിരവധി വാഹനങ്ങൾ ഇപ്പോഴും ഉപയോഗത്തിലുണ്ട്.
ബഹ്‌റൈൻ ഒരു ചെറിയ രാജ്യമായതു കൊണ്ട് വാഹനങ്ങൾ കൂടുന്നതിനനുസരിച്ചു റോഡുകളോ പാർക്കിംഗ് സംവിധാനങ്ങളോ വികസിക്കുന്നില്ല. അതുകൊണ്ട് തന്നെ ഭാവിയിൽ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം കൂടാനാണ് സാധ്യത. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വാഹനപ്പെരുപ്പം തടയാനും കുറഞ്ഞ രീതിയിൽ പുക പുറം തള്ളുന്ന വാഹനങ്ങളും നിർബന്ധമാക്കിക്കൊണ്ടുള്ള നിയമ നിർമ്മാണം വന്നു കഴിഞ്ഞു. വാഹനങ്ങളുടെ ആധിക്യം കുറക്കാനുള്ള നടപടികളെപ്പറ്റി ബഹ്‌റൈനും ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. വാഹനങ്ങൾ ആവശ്യമായവർക്കു മാത്രം ലൈസൻസ് നൽകുക എന്ന കാര്യമായിരുന്നു അതിലൊന്ന്. വാഹന പരിശോധനകൾ ശക്തമാക്കുകയും ഗതാഗത നിയമ ലംഘകർക്ക് കനത്ത പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്.
ബഹ്‌റൈനിലെ ബീച്ചുകളിൽ മാലിന്യം തള്ളുന്നതും ആവാസ വ്യവസ്ഥയ്‌ക്ക് തന്നെ ഭീഷണി ആയി വരികയാണ്. പ്ലാസ്റ്റിക് കുപ്പികളും ബോട്ടുകളിൽ ഒഴിക്കുന്ന പ്ലാസ്റ്റിക് ഓയിൽ കാനുകളുടെയും കൂന്പാരമാണ് ബീച്ചുകൾ. കൂടാതെ പ്ലാസ്റ്റിക് കവറുകൾ, കുപ്പിച്ചില്ലുകൾ തുടങ്ങി മനുഷ്യർക്കും മറ്റു ജന്തുക്കൾക്കും ഭീഷണിയാകുന്ന തരത്തിലാണ് ബീച്ചുകളിൽ മാലിന്യങ്ങൾ നിറയുന്നത്. ദേശാടന പക്ഷികളുടെ ഇഷ്ടപ്രദേശമായ ബഹ്‌റൈനിൽ മുൻ കാലങ്ങളെ അപേക്ഷിച്ച് ഇവയുടെ എണ്ണവും കുറഞ്ഞു വരുന്നതായാണ് റിപ്പോർട്ടുകൾ. നിരവധി പക്ഷികൾ കടൽക്കരയിലെ പ്ലാസ്റ്റിക് മാലിന്യം ഭക്ഷിച്ചതു മൂലം ചത്തൊടുങ്ങിയിട്ടുണ്ട്.
മാലിന്യങ്ങൾ തരം തിരിച്ചു നിക്ഷേപിക്കാനുള്ള പ്രത്യേകം പ്രത്യേകം വീപ്പകൾ പലയിടത്തും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അവ കൃത്യമായി ഉപയോഗിക്കുന്നില്ല. പൊതു സ്ഥലങ്ങളിൽ പരസ്യമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരും കുറവല്ല. ബുദയ്യ ബീച്ചിൽ നിരവധി പ്രദേശങ്ങൾ മാലിന്യ നിക്ഷേപങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മലയാളികൾ ഉൾപ്പെട്ട സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇടയ്ക്ക് ബീച്ച് ക്ലീനിംഗ് അടക്കമുള്ള പരിപാടികൾ ഇപ്പോൾ സംഘടിപ്പിച്ചു വരുന്നത് വലിയ ആശ്വാസത്തിന് വക നൽകുന്നു. ലോക ഭൗമ ദിനത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അന്തരീക്ഷ മലിനീകരണം സംബന്ധിച്ചുള്ള വിവിധ സെമിനാറുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.