സി.പി.എമ്മിന്‍റെ അമരത്ത് വീണ്ടും യെച്ചൂരി

ഹൈദരാബാദ് : സി.പി.എം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. ജനറൽ സെക്രട്ടറി പദവിയെ ചൊല്ലി കാരാട്ടു പക്ഷവുമായി കടുത്ത ഭിന്നത പാർട്ടി കോൺഗ്രസിൽ ഉയർന്നുവെങ്കിലും വോട്ടെടുപ്പില്ലാതെ തന്നെ തുടരാൻ അനുവദിക്കുകയായിരുന്നു. പാർട്ടി കോൺഗ്രസിന്‍റെ അവസാന ദിവസമായ ഇന്ന് ചേർന്ന പുതിയ കേന്ദ്ര കമ്മിറ്റിയാണ് ജനറൽ സെക്രട്ടറിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. ഇത് രണ്ടാം തവണയാണ് യെച്ചൂരി പാർട്ടിയുടെ അമരക്കാരനാകുന്നത്.
95 അംഗ കേന്ദ്ര കമ്മിറ്റിയെയും 17 അംഗ പൊളിറ്റ്ബ്യൂറോയെയും പാർട്ടി കോൺഗ്രസിൽ തിരഞ്ഞെടുത്തു. അഞ്ചംഗ കൺട്രോൾ കമ്മീഷനെയും തിരഞ്ഞെടുത്തിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയിൽ 19 പേർ പുതുമുഖങ്ങളാണ്. കേരളത്തിൽ നിന്നും എം.വി ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ എന്നിവർ പുതുതായി കേന്ദ്രകമ്മിറ്റിയിലെത്തി. പി.കെ ഗുരുദാസൻ കേന്ദ്രകമ്മിറ്റിയിൽ നിന്നും ഒഴിവായി. കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളായിരുന്ന വിജൂ കൃഷ്ണൻ, മുരളീധരൻ, അരുൺ കുമാർ എന്നിവരും കേന്ദ്രകമ്മിറ്റി അംഗങ്ങളായി. വി.എസ് അച്യുതാനന്ദൻ, പാലോളി മുഹമ്മദ്കുട്ടി, മല്ലു സ്വരാജ്യം, മദൻ ഘോഷ്, പി. രാമയ്യ, കെ. വരദരാജൻ എന്നിവർ കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാണ്. കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളായി രജീന്ദർ നേഗി, സഞ്ജയ് പരാട്ടെ എന്നിവരെയും തിരഞ്ഞെടുത്തു.
അതേസമയം എസ്. രാമചന്ദ്രൻ പിള്ള പോളിറ്റ്ബ്യൂറോയിൽ തുടരും. 80 വയസ് കഴിഞ്ഞ എസ്.ആർ.പിയ്ക്ക് ഇളവ് നൽകണമെന്ന് കാരാട്ട് പക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എ.കെ പത്മനാഭൻ പോളിറ്റ്ബ്യൂറോയിൽ നിന്ന് ഒഴിഞ്ഞപ്പോൾ തപൻസെന്നും നിലോത്പൽ ബസുവുമാണ് തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങൾ. ബുദ്ധദേവ് ഭട്ടാചാര്യ ക്ഷണിതാക്കളുടെ പട്ടികയിൽ നിന്നും ഒഴിവായി പുതിയ കൺട്രോൾ കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുത്തു. പി. രാജേന്ദ്രൻ, എസ്. ശ്രീധർ, ജി. രാമലു, ബൊണാനി ബിശ്വാസ് എന്നിവരാണ് മറ്റ് കമ്മീഷൻ അംഗങ്ങൾ.
അതേസമയം സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിന് പാർട്ടി കോൺഗ്രസ് അംഗീകാരം നൽകി. 15 മിനിറ്റ് മാത്രമാണ് സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്കുള്ള മറുപടി നീണ്ടത്.