നോട്ടിന് ക്ഷാമം : വിവിധ സംസ്ഥാനങ്ങളിൽ എ.ടി.എമ്മുകൾ കാലി
ന്യൂഡൽഹി : നോട്ട് നിരോധനത്തിന് ശേഷം വീണ്ടും രാജ്യത്ത് എ.ടി.എം പ്രതിസന്ധി. കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് എ.ടി.എമ്മുകൾ കാലിയായത്. രാജ്യതലസ്ഥാനമായ ഡൽഹിയിലും എ.ടി.എമ്മുകളിൽ പണമില്ല. ഉത്സവ കാലത്ത് ഏറെ പണം പിൻവലിച്ചതാണ് എ.ടി.എമ്മുകൾ കാലിയാകാൻ കാരണമെന്നാണ് നിഗമനം.
നോട്ട് ക്ഷാമത്തെത്തുടർന്ന് ധനകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ ആർ.ബി.ഐ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മൂന്ന് ദിവസത്തിനകം പ്രശനം പരിഹരിക്കുമെന്ന് ആർ.ബി.ഐ അറിയിച്ചു. പ്രശ്നത്തെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്രസർക്കാർ ഉന്നതതല സമിതിയും രൂപീകരിച്ചു. മൂന്ന് പേരടങ്ങിയ സമിതിയോട് എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ പണമുള്ളയിടങ്ങളിൽ നിന്ന് ക്ഷാമമുള്ളിടത്തേക്ക് പണമെത്തിക്കുമെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു.
അതേസമയം കറൻസി ക്ഷാമം താൽക്കാലികം മാത്രമാണെന്നും എ.ടി.എമ്മുകളിൽ ആവശ്യത്തിന് നോട്ടുകൾ ഉടൻ എത്തുമെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. ബാങ്കുകളിൽ വിനിമയത്തിന് ആവശ്യത്തിന് നോട്ടുകളുണ്ട്. ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഇവ ലഭ്യമാകും. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ പെട്ടെന്ന് അസാധാരണമാം വിധം നോട്ടുകൾക്ക് ആവശ്യം നേരിട്ടതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.



