പഹൽഗാം ഭീകരാക്രമണത്തിന് ഒരാണ്ട്; വിങ്ങുന്ന ഓർമ്മയായി ബൈസരൻ പുൽമേട്
ശാരിക I ദേശീയം
ശ്രീനഗർ: രാജ്യം നടുങ്ങിയ പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം തികയുന്നു. 2025 ഏപ്രിൽ 22-നായിരുന്നു 'മിനി സ്വിറ്റ്സർലൻഡ്' എന്നറിയപ്പെടുന്ന ബൈസരൻ പുൽമേട്ടിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർത്തത്. നേപ്പാൾ സ്വദേശി ഉൾപ്പെടെ 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും അന്ന് കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനും ഉൾപ്പെട്ടിരുന്നു. ആക്രമണത്തിൽ വീരമൃത്യു വരിച്ച നേവി ഓഫീസർ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ മൃതദേഹത്തിന് സമീപം തളർന്നിരിക്കുന്ന വധു ഹിമാൻഷിയുടെ ചിത്രം രാജ്യത്തിന്റെ വിങ്ങുന്ന ഓർമ്മയായി ഇന്നും നിലനിൽക്കുന്നു.
ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർത്ത് 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയിരുന്നു. ലഷ്കറെ തയിബയുടെ നിഴൽ സംഘടനയായ 'ദ് റെസിസ്റ്റൻസ് ഫ്രണ്ട്' ആണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തി. ഇതിന് നേതൃത്വം നൽകിയ ഭീകരരായ സുലൈമാൻ, അഫ്ഗാനി, ജിബ്രാൻ എന്നിവരെ കഴിഞ്ഞ ജൂലൈയിൽ സൈന്യം വധിച്ചു.
ആക്രമണത്തെത്തുടർന്ന് ജമ്മു കശ്മീരിലെ 44 ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിരുന്നു. മിക്കവയും തുറന്നെങ്കിലും ആക്രമണം നടന്ന ബൈസരൻ പുൽമേട് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. പാക്കിസ്ഥാനുമായി അന്ന് വിച്ഛേദിച്ച നയതന്ത്ര ബന്ധം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. സംഭവത്തിന്റെ വാർഷികം പ്രമാണിച്ച് കശ്മീരിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.
sszdf



