വനിതാ സംവരണ ബില്ലിലെ പ്രധാനമന്ത്രിയുടെ പ്രസംഗം: പരാതിയിൽ നടപടിയെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ
ശാരിക l ദേശീയം
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ല് പാർലമെന്റിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരായ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മൗനം തുടരുന്നു. പരാതിയിൽ ഇതുവരെ യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ലെന്ന് ഇടതുപക്ഷ നേതാക്കൾ വ്യക്തമാക്കി. ബംഗാൾ, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് കേന്ദ്രം ഈ വിഷയം രാഷ്ട്രീയമായി ചർച്ചയാക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. കമ്മീഷൻ നടപടി വൈകിപ്പിക്കുന്ന പക്ഷം നിയമപോരാട്ടത്തിനായി കോടതിയെ സമീപിക്കാനാണ് ഇടതുനേതാക്കളുടെ തീരുമാനം.
പ്രധാനമന്ത്രിയുടേത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായുള്ള പ്രസംഗമായിരുന്നുവെന്ന് ആരോപിച്ച് പി സന്തോഷ് കുമാർ എംപി, കോൺഗ്രസ് നേതാവ് അനിൽ അക്കര എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. നിരവധി പരാതികൾ നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ അനിൽ അക്കര കമ്മീഷന് വീണ്ടും ഓർമ്മപ്പെടുത്തൽ കത്ത് അയച്ചു. ഔദ്യോഗിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് പ്രധാനമന്ത്രി നടത്തിയത് ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ അടിയന്തര അന്വേഷണം വേണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനോട് സന്തോഷ് കുമാർ എംപി ആവശ്യപ്പെട്ടു.
അതേസമയം, ഈ വിഷയത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഒരുങ്ങുകയാണ്. ഏപ്രിൽ 30-ന് 'വനിതാ ശാക്തീകരണം' എന്ന വിഷയത്തിൽ ചർച്ച നടത്താനായി ഒരു ദിവസത്തെ സമ്മേളനമാണ് യുപി സർക്കാർ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നീക്കങ്ങളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടാണ് ഭരണപക്ഷവും പ്രതിപക്ഷവും ഈ വിഷയത്തിൽ പോരാട്ടം ശക്തമാക്കുന്നത്.
asdasd



