ഡോക്ടർമാരുടെ സമരം പിൻവലിച്ചു
തിരുവനന്തപുരം : ഒ.പി സമയം കൂട്ടിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ നാല്ല ദിവസമായി സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ നടത്തി വന്ന സമരം പിൻവലിച്ചു. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ നാല് ദിവസമായി നടത്തിവന്നിരുന്ന സമരം ആരോഗ്യ മന്ത്രി കെ.കെല ശൈലജയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പിൻവലിച്ചത്.
ആർദ്രം പദ്ധതിയുമായി സഹകരിക്കാമെന്ന് ഡോക്ടർമാർ എഴുതി നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ മൂന്ന് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. ഏതെങ്കിലും ഡോക്ടർ ലീവ് എടുത്താൽ പകരം സംവിധാനം ഒരുക്കും. പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിയുടെ നേതൃത്വത്തിൽ പരാതി പരിഹാര സമിതി രൂപീകരിക്കാനും തീരുമാനമായി
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരം വരെയുള്ള ഒ.പിയുമായി സഹകരിക്കും. ഈ കേന്ദ്രങ്ങളിൽ കുറഞ്ഞത് മൂന്ന് ഡോക്ടർമാരെ ഉറപ്പ് വരുത്തും. ഇവർ ലീവെടുക്കുന്ന ദിവസങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ പ്രോഗ്രാം മാനേജറും നേതൃത്വം നൽകുന്ന റിസർവ് ടീം ഉണ്ടാക്കും. രോഗികളുടെ വർദ്ധനവുള്ള കേന്ദ്രങ്ങളിൽ ഘട്ടം ഘട്ടമായി അവശ്യമെങ്കിൽ കൂടുതൽ ഡോക്ടർമാരെ കൂടുതലുള്ള കേന്ദ്രങ്ങളിൽ നിന്നും പുനർവിന്യസിക്കുന്ന കാര്യം ആലോചിക്കും.
ആർദ്രം മിഷന്റെ ഭാഗമായ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് കെ.ജി.എം.ഒ.എ പ്രതിനിധികൾ അടക്കമുള്ളവരുമായി ചർച്ച നടത്തും. അനധികൃതമായി ജോലിയിൽ പ്രവേശിക്കാത്ത കാരണത്താൽ സസ്‌പെന്റ് ചെയ്ത ഡോക്ടർ വിശദീകരണം നൽകിയാൽ നടപടി ഒഴിവാക്കാനും തീരുമാനമായി.



