മണിപ്പൂരിനെ ബി.ജെ.പി കത്തിച്ചു; എ.ഐ.എ.ഡി.എം.കെ ഇപ്പോൾ പൊള്ളയായ പുറംതോടാണെന്ന് രാഹുൽ ഗാന്ധി


ശാരിക l ദേശീയം

ചെന്നൈ: ബി.ജെ.പി രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും മണിപ്പൂരിനെ കത്തിയെരിയുന്ന അവസ്ഥയിലാക്കിയെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴ്‌നാട്ടിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിൽ വിദ്വേഷം പടർത്താൻ കോൺഗ്രസ് അനുവദിക്കില്ലെന്ന് ഉറപ്പുനൽകിയ രാഹുൽ, ബി.ജെ.പി രാജ്യത്തുടനീളം വെറുപ്പും കോപവും അക്രമവുമാണ് പ്രചരിപ്പിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

തമിഴ്‌നാടിന്റെ ചരിത്രത്തിൽ എ.ഐ.എ.ഡി.എം.കെ നൽകിയ സംഭാവനകളെ പ്രശംസിച്ച രാഹുൽ ഗാന്ധി, ഇന്നത്തെ പാർട്ടി വെറുമൊരു 'പൊള്ളയായ പുറംതോട്' മാത്രമായി മാറിയെന്ന് വിമർശിച്ചു. തമിഴ്‌നാടിന്റെ തനിമ സംരക്ഷിച്ച മികച്ച നേതാക്കൾ മുൻപ് ആ പാർട്ടിക്കുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ നേതാക്കൾ അഴിമതിയിൽ കുടുങ്ങിയതോടെ ബി.ജെ.പിയുടെ ആഗ്രഹങ്ങൾക്ക് വഴങ്ങിക്കൊടുക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും തമിഴ്‌നാട് പിടിച്ചെടുക്കാൻ എ.ഐ.എ.ഡി.എം.കെയെ മറയാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആർ.എസ്.എസും ബി.ജെ.പിയും തമിഴ്‌നാട്ടിലേക്ക് കടന്നുകയറുന്നത് തടയുക എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ സംസ്ഥാനവും സ്വയം ഭരിക്കണമെന്നതാണ് കോൺഗ്രസ് കാഴ്ചപ്പാടെങ്കിൽ എല്ലാ സംസ്ഥാനങ്ങളും ആർ.എസ്.എസ് എന്ന സംഘടനയ്ക്ക് വിധേയമാകണമെന്നാണ് ബി.ജെ.പി വാദമെന്നും രാഹുൽ പറഞ്ഞു. ക്രിസ്ത്യൻ, മുസ്ലീം, സിഖ് സഹോദരങ്ങളെ ബി.ജെ.പി എപ്പോഴും ഭയപ്പെടുത്തുകയാണ്. അധികാരം ഏതാനും വൻകിട ബിസിനസുകാരുടെ കൈകളിൽ കേന്ദ്രീകരിച്ച് അവർ അസമമായ ഇന്ത്യയെ കെട്ടിപ്പടുക്കുന്നു. വനിതാ സംവരണ ബില്ലിനെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. ബി.ജെ.പിക്ക് വനിതാ ബിൽ നടപ്പാക്കാൻ ആത്മാർത്ഥമായ താല്പര്യമുണ്ടെങ്കിൽ 2023-ലെ ബിൽ ഇപ്പോൾ തന്നെ നടപ്പിലാക്കണമെന്നും അതിന് പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

article-image

rgcfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed