അമേരിക്കയിൽ കാണാതായ നാല് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി
വാഷിംഗ്ടൺ : അമേരിക്കയിലെ കാലിഫോർണിയയിൽ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങൾ കണ്ടെത്തി. സാന്റാ ക്ലാരിറ്റയിലെ യൂണിയൻ ബാങ്ക് വൈസ് പ്രസിഡണ്ട് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകൾ സാച്ചി (ഒൻപത്), സിദ്ധാന്ത് (12) എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. മുങ്ങിപ്പോയ കാറും കണ്ടെടുത്തു. മുഴുവൻ പേരുടെയും മൃതദേഹങ്ങൾ ലഭിച്ചെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാണാതായ സൗമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ഈൽ നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച വാഹനവും കരയ്ക്കെത്തിച്ചു. സന്ദീപിന്റെ മൃതദേഹം കാറിന്റെ പിൻഭാഗത്താണ് കണ്ടത്. കുട്ടികളെ രക്ഷിക്കാൻ പിന്നോട്ടിറങ്ങിയതാണെന്ന് കരുതുന്നു. കാറിന്റെ വിൻഡോ തകർന്നിരുന്നു.
ഈ മാസം ആറാം തീയതി ഉച്ചയ്ക്ക് ഓറിഗനിലെ പോർട്‍ലാൻഡിൽ നിന്ന് സനോസെയിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. റോഡിനോട് ചേർന്ന് കരകവിഞ്ഞൊഴുകിയ ഈൽ നദിയിലേയ്ക്ക് ഇവരുടെ കാർ വീഴുകയായിരുന്നു. ദക്ഷിണ കാലിഫോർണിയയിലെ വലൻസിയയിൽ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ സന്ദർശിക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. കാർ നദിയിലേയ്ക്ക് വീഴുന്നത് കണ്ട ദൃക്സാക്ഷിയാണ് പോലീസിനെ വിളിച്ചറിയിച്ചത്. പോലീസ് എത്തിയപ്പോഴേയ്ക്കും കാർ വെള്ളത്തിൽ മുങ്ങിത്താണിരുന്നു. അപകടസ്ഥലത്ത്നിന്ന് അര മൈൽ അകലെ നാലടിയിലേറെ താഴ്ചയിൽ ചെളി കയറി മുങ്ങിക്കിടക്കുകയായിരുന്നു കാർ. ഗുജറാത്തിലെ സൂറത്തിൽ നിന്നും യു.എസിൽ എത്തിയ സന്ദീപ് 15 വർഷം മുൻപാണ് അവിടെ സ്ഥിരതാമസമാക്കിയത്. കൊച്ചി പടമുകൾ സ്വദേശിയാണ് സൗമ്യ.



