ബോണറ്റിൽ കുടുങ്ങിയ പ്രതിഷേധക്കാരനെയും കൊണ്ട് കാർ ഓടിയത് നാല് കിലോമീറ്റർ
ലഖ്നൗ : സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ച് സമരം ചെയ്യാനെത്തിയ പ്രതിഷേധക്കാരനെയും കൊണ്ട് ഉദ്യോഗസ്ഥൻ തന്റെ കാറിൽ പാഞ്ഞത് നാല് കിലോമീറ്റർ. പ്രതിഷേധക്കാരൻ ഉദ്യോഗസ്ഥന്റെ കാറിന്റെ ബോണറ്റിൽ സാഹസികമായി തൂങ്ങിക്കിടക്കുകയായിരുന്നു. കിഴക്കൻ യു.പിയിലെ രാംനഗറിലാണ് സംഭവം അരങ്ങേറിയത്.
ഗ്രാമത്തിൽ ശൗചാലയങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ചാണ് പ്രദേശവാസികൾ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസറയ പങ്കജ് കുമാർ ഗൗതമിന്റെ ഓഫീസ് പിക്കറ്റ് ചെയ്യാനെത്തിയത്. എന്നാൽ ഓഫീസിലെത്തിയ ഗൗതം പ്രതിഷേധക്കാരെ അൽപ്പം പോലും ഗൗനിക്കാതെ കടന്നു പോവുകയായിരുന്നു.
തുടർന്ന് പ്രതിഷേധക്കാർ പങ്കജിന്റെ കാർ തടഞ്ഞു. ഇതിൽ കുപിതനായ പങ്കജ് കാർ മുന്നോട്ടെടുക്കാൻ ആഞ്ഞപ്പോൾ സമരത്തിനെത്തിയ ബ്രിജി പാൽ എന്ന യുവാവ് കാറിന്റെ ബോണറ്റിൽ ചാടിക്കയറുകയായിരുന്നു. പിന്നീട് ദൃശ്യങ്ങളിൽ കാണുന്നതു പോലെ നാല് കിലോമീറ്ററോളം ബ്രിജി പാലിനെയും കൊണ്ട് കാർ പാഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ പ്രചരിച്ചതോടെ എത്രയും പെട്ടെന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ജില്ലാ മജിസ്ട്രേറ്റ് പോലീസിന് ഉത്തരവ് നൽകി. ഇരുവരുടെയും പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

