അംബേദ്കർ പ്രതിമയെ ഇരുന്പ് കൂട്ടിലടച്ചു : സുരക്ഷയ്ക്ക് പോലീസുകാർ
ബദായൂം : അംബേദ്കർ പ്രതിമകൾ വ്യാപകമായി തകർക്കപ്പെട്ട സംഭവങ്ങൾക്ക് പിന്നാലെ ഉത്തർ പ്രദേശിലെ ബദായൂമിലുള്ള പ്രതിമ ഇരുന്പ് കൂട്ടിലടച്ചു. പ്രതിമയെ കൂട്ടിലടച്ചത് ആരാണെന്ന് അറിയില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രതിമയ്ക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്ന് പോലീസ് കരുതുന്നത്. അംബേദ്കർ ജയന്തി ദിനമായ ഏപ്രിൽ 14 വരെ പ്രതിമയ്ക്ക് സംരക്ഷണം നൽകാൻ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനായി മൂന്ന് ഹോം ഗാർഡുകളെ പ്രതിമയ്ക്ക് സമീപം നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. 24 മണിക്കൂറും മാറി മാറി സുരക്ഷ ഒരുക്കാനാണ് മൂന്ന് ഹോം ഗാർഡുകളെ സ്ഥലത്ത് നിയോഗിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുന്പ് ബദായൂമിൽ ജില്ലാ ഭരണകൂടം കാവി നിറം പൂശിയ അംബേദ്കർ പ്രതിമ സ്ഥാപിച്ചിരുന്നു. ഇത് വൻ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനിടെ ബഹുജൻ സമാജവാദി പാർട്ടി പ്രവർത്തകർ ചേർന്നാണ് പ്രതിമയുടെ കാവിനിറം മാറ്റി നീല നിറം പൂശിയത്. ദുഗ്രൈയ്യ ഗ്രാമത്തിൽ സ്ഥാപിച്ചിരുന്ന അംബേദ്കർ പ്രതിമ വെള്ളിയാഴ്ച രാത്രി ചിലർ തല്ലിത്തകർത്തതിനെത്തുടർന്ന് ജില്ലാ ഭരണകൂടം സ്ഥാപിച്ച പുതിയ പ്രതിമയാണ് വിവാദത്തിന് ഇടയാക്കിയത്.

