സാ­ർക്ക് കൂ­ട്ടാ­യ്മയു­മാ­യി­ മു­ന്നോ­ട്ടു­പോ­കാ­നാ­വി­ല്ലെ­ന്ന് ഇന്ത്യ


ന്യൂഡൽഹി : ഭീകരവാദത്തിന് പാകിസ്ഥാൻ പിന്തുണ നൽകുന്നത് തുടരുന്ന പശ്ചാത്തലത്തിൽ സാർക്ക് കൂട്ടായ്മയുമായി മുന്നോട്ടുപോകാനാവില്ലെന്ന് ഇന്ത്യ. നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുമായുള്ള ചർച്ചക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയത്.

കാഠ്മണ്ടുവിൽ 2014ൽ നടന്ന സാർക്ക് ഉച്ചകോടിയിൽ ഇന്ത്യ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്. എന്നാൽ അതിർത്തി കടന്നുള്ള ഭീകരവാദമാണ് മേഖലയിലെ പ്രശ്നങ്ങൾക്ക് കാരണം. ഈ സാഹചര്യത്തിൽ സാർക്ക് കൂട്ടായ്മയ്ക്ക് മുന്നോട്ടുപോകാനാകില്ലെന്ന് മോദി അഭിപ്രായപ്പെട്ടു.

രണ്ടുവർഷത്തിലൊരിക്കലാണ് സാർക്ക് ഉച്ചകോടി ചേരുന്നത്. അംഗരാജ്യങ്ങളുടെ പേരുകൾ അക്ഷരമാലാ ക്രമത്തിൽ വരുന്ന തരത്തിൽ അതത് രാജ്യങ്ങളിലായാണ് ഉച്ചകോടി നടക്കുന്നത്. 2014 ലാണ് അവസാന ഉച്ചകോടി നടന്നത്. 2016ൽ പാകിസ്ഥാനിലായിരുന്നു ഉച്ചകോടി ചേരേണ്ടിയിരുന്നത്. എന്നാൽ ഉറി സൈനിക ക്യാന്പിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ഉച്ചകോടി ബഹിഷ്കരിച്ചു. ഇതിന് പിന്നാലെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു.

ഇതിന് ശേഷം അടുത്ത സമ്മേളനം നടക്കാനിരിക്കെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 2018ലെ സമ്മേളനം പാകിസ്ഥാനിലാക്കാൻ നേപ്പാൾ ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് കഴിഞ്ഞ മാസം നേപ്പാൾ സന്ദർശിച്ച പാക് പ്രധാനമന്ത്രി ഷഹിദ് ഖാൻ അബ്ബാസി അഭ്യർഥിച്ചിരിന്നു. ഇത് പ്രകാരമാണ് നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി  ചർച്ചയിൽ വിഷയം ഉയർത്തിക്കൊണ്ടുവന്നത്.

നേപ്പാളിന് പുറമെ ശ്രീലങ്കയുടെയും സഹായം പാകിസ്ഥാൻ തേടിയിരുന്നു. അതേസമയം പാകിസ്ഥാനെ ഒഴിവാക്കി ബിംസ്ടെക് ഉച്ചകോടിയുമായി ഇന്ത്യ മുന്നോട്ടുപോവുകയാണ്. ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റിവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് എക്കണോമിക് സമ്മിറ്റ്  എന്നാണ് ഇതിന്റെ പൂർണ രൂപം. ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ എന്ന മറ്റൊരു കൂട്ടായ്മയെന്ന നിർദ്ദേശവും നേപ്പാൾ പ്രധാനമന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed