എഞ്ചിനിയറിംഗ് കോളേജുകളിൽ 80,000 സീറ്റുകളുടെ കുറവുണ്ടാകുമെന്ന് എ.ഐ.സി.ടി.ഇ
ന്യൂഡൽഹി : എഞ്ചിനിയറിംഗ് കോളേജുകളിൽ ഈ വർഷം 80,000 സീറ്റുകളുടെ കുറവുണ്ടാകുമെന്ന് എ.ഐ.സി.ടി.ഇ. ഇതോടെ 2018-19 അക്കാഡമിക് വർഷം അടക്കം അടുത്ത നാല് വർഷം കൊണ്ട് 3.10 ലക്ഷത്തിന്റെ സീറ്റുകളും കുറയും. എ.ഐ.സി.ടി.ഇയുടെ കണക്ക് അനുസരിച്ച് നിലവാരമില്ലാത്ത കാരണത്താൽ 200 എഞ്ചിനിയറിംഗ് കോളേജുകളാണ് അടച്ചുപൂട്ടാൻ അനുമതി തേടിയിരിക്കുന്നത്. ഈ കോളേജുകളിൽ പുതിയ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കില്ല. നിലവിലെ വിദ്യാർത്ഥികളുടെ കോഴ്സ് പൂർത്തിയായാലുടൻ ഇവ അടച്ചുപൂട്ടും. അതേസമയം, മികവിന്റെ കേന്ദ്രങ്ങളായ എൻ.ഐ.ടി, ഐ.ഐ.ടി എന്നിവിടങ്ങളിൽ പ്രവേശനംനേടുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്.
2022 ആകുന്പോഴേക്കും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 50 ശതമാനം കോഴ്സുകൾക്ക് നാഷണൽ ബോർഡ് ഒഫ് അക്രഡിറ്റേഷൻ (എൻ.ബി.എ) ലഭിക്കുമെന്നാണ് കരുതുന്നത്. നിലവിൽ 10 ശതമാനം കോഴ്സുകൾക്ക് മാത്രമാണ് എൻ.ബി.എയുടെ അംഗീകാരമുള്ളത്. 2016 മുതൽ എഞ്ചിനിയറിംഗ് സീറ്റുകളുടെ എണ്ണം കുറഞ്ഞ് വരുന്ന പ്രവണതയാണുള്ളത്. പ്രതിവർഷം 75,000 സീറ്റുകൾ കുറയുന്നതാണ് എ.ഐ.സി.ടി.ഇയുടെ കണക്ക്. 2016− 17ൽ ബിരുദ തലത്തിൽ 15.71 ലക്ഷം പേർക്ക് ബിരുദ തലത്തിൽ പ്രവേശനം നൽകാൻ കഴിയുമായിരുന്നു.എന്നാൽ, 7.81 ലക്ഷം പേർ മാത്രമാണ് പ്രവേശനം തേടിയത്.

