മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കാനുള്ള തീരുമാനം പിൻവലിച്ചു
ന്യുഡൽഹി : വ്യാജ വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കുന്ന വിവാദ കേന്ദ്ര തീരുമാനം പിൻവലിക്കുന്നു. തീരുമാനം പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി. മാധ്യമ നിയന്ത്രണം സംബന്ധിച്ച തീരുമാനം പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിധിയിൽ വരുന്ന വിഷയമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിവാദ ഉത്തരവിനെതിരെ മാധ്യമ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് വിഷയത്തിൽ പ്രധാനമന്ത്രി ഇടപെട്ടത്. കേന്ദ്രസർക്കാരിനെ ദോഷമായി ബാധിക്കുന്ന വാർത്തകൾ പുറത്തുവരുന്നത് തടയാനുള്ള നീക്കമാണിതെന്നും വിമർശനം ഉയർന്നിരുന്നു.
കുറ്റകൃത്യങ്ങളുടെ തീവ്രത അടിസ്ഥാനമാക്കി അക്രഡിറ്റേഷൻ റദ്ദാക്കുന്നതായിരുന്ന സർക്കാർ ഉത്തരവ്. ആദ്യ തവണയാണ് വ്യാജവാർത്ത ചെയ്യുന്നതെങ്കിൽ ആറ് മാസത്തേയ്ക്കും രണ്ടാം തവണയാണ് വ്യാജവാർത്ത ചെയ്യുന്നതെങ്കിൽ ഒരു വർഷത്തേയ്ക്കും മൂന്നാം തവണയും വ്യാജവാർത്ത നൽകിയാൽ അക്രഡിറ്റേഷൻ സ്ഥിരമായും റദ്ദാക്കുമെന്നുമായിരുന്നു ഉത്തരവിൽ കേന്ദ്ര സർക്കാർ അറിയിച്ചത്.
അച്ചടി മാധ്യമങ്ങളിൽ വ്യാജ വാർത്തകളെക്കുറിച്ചുള്ള പരാതി ലഭിച്ചാൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും, ദൃശ്യമാധ്യമങ്ങളുടെ കാര്യത്തിൽ നാഷണൽ ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനും വിഷയത്തിൽ പരിശോധന നടത്തും എന്നും അറിയിച്ചിരുന്നു. എന്നാൽ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജവാർത്തകളെക്കുറിച്ച് പരാമർശം നടത്തിയിരുന്നില്ല.

