പട്ടികജാതി-വർഗ നിയമം ലഘൂകരിച്ച വിധി േസ്റ്റ ചെയ്യാതെ സുപ്രീം കോടതി


ന്യൂഡൽഹി : എസ്.സി, എസ്.ടി നിയമത്തിന്റെ ദുരുപയോഗം തടയാൻ സുപ്രീംകോടതി മാർച്ച് 20ന് ഇറക്കിയ മാ‍‍ർഗ്ഗനിർദേശങ്ങൾ േസ്റ്റ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കേന്ദ്രസർക്കാരിനു കനത്ത തിരിച്ചടിയാകുന്നതാണ് കോടതി തീരുമാനം. കേന്ദ്രം നൽകിയ പുനഃപരിശോധനാ ഹർജി പത്തു ദിവസത്തിനു ശേഷം പരിഗണിക്കും. കക്ഷികൾക്ക് തങ്ങളുടെ ഭാഗം രേഖാമൂലം സമർപ്പിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

വിധിക്കെതിരെ വിവിധ ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിൽ വൻ അക്രമണങ്ങൾ നടന്നിരുന്നു. ഇതിനോടകം പന്ത്രണ്ടോളം പേർ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് അറ്റോണി ജനറൽ കെ.കെ.വേണുഗോപാൽ ഇന്നലെ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഇന്നു ഹർജി പരിഗണിക്കാൻ തീരുമാനിച്ചത്.

വ്യവസ്ഥ ഇളവു ചെയ്ത ആ വിധിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണെന്ന് ജസ്റ്റിസുമാരായ എ.കെ.ഗോയൽ, യു.യു ലളിത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കെതിരല്ല വിധി. നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാനാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്. സമരം നടത്തുന്നവർ വിധി വായിച്ചിട്ടുണ്ടാകില്ലെന്നും എ.കെ.ഗോയൽ വ്യക്തമാക്കി. നിക്ഷിപ്ത താത്പര്യവും ഇക്കാര്യത്തിൽ ഉണ്ടായിരിക്കാം. നിരപരാധികൾക്ക് സംരക്ഷണം ഒരുക്കുകയാണ് ലക്ഷ്യം. അല്ലാതെ ചട്ടത്തിൽ ഒരുഇളവും വരുത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. 

അതേസമയം ദളിത് സമുദായത്തിന്‍റെ അവകാശവും സുരക്ഷയും ഉറപ്പാക്കാനാണ് സർ‍ക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർ‍ത്ത രണ്ട് പോലീസുകാർ‍ക്ക് നേരെ മധ്യപ്രദേശ് സർ‍ക്കാർ കേസെടുത്തിട്ടുണ്ട്. ഉത്തർ‍പ്രദേശിൽ 100 ബസ്സുകളാണ് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയത്. സംഘർ‍ഷങ്ങൾ ആവർ‍ത്തിക്കാതിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാനിർ‍ദ്ദേശം നൽകിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed