ഗുജറാത്തിൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു
ശാരിക
ഗാന്ധിനഗർ: ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ വൻ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ച അഞ്ച് പേരിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്; വാഗ്ര സ്വദേശിയും ഷിഫ്റ്റ് ഇൻചാർജുമായ ജയ്ദീപ് പട്ടേൽ (27), അനികേത്കുമാർ ഹരികിഷോർ (24), അർജുൻ റാംസിങ് ഗൗതം (20), വൃന്ദ് താലവിയ എന്നിവരാണ് തിരിച്ചറിഞ്ഞവർ.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ സായ്ഖ ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ മേഖലയിലെ സിൻസീൽ ഫാർമകെം ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. 15 കിലോമീറ്റർ ദൂരത്തുവരെ സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. ഹൈഡ്രജനേഷൻ പ്രക്രിയയ്ക്കിടെയാണ് അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ റിയാക്ടർ ടാങ്ക് തകരുകയും ഫാക്ടറി പരിസരത്താകെ യന്ത്രഭാഗങ്ങൾ ചിതറിത്തെറിക്കുകയും ചെയ്തു. ഇതിനുപുറമേ, മെത്തിലീൻ ഡൈക്ലോറൈഡ് വാതകം ചോർന്നത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.
ബിഹാർ, ഉത്തർപ്രദേശ് സ്വദേശികളായ പരിക്കേറ്റ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസ്ഥലത്ത് പൊലീസും ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോർഡ്, വ്യവസായ സുരക്ഷാ-ആരോഗ്യ ഡയറക്ടറേറ്റ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിശോധന നടത്തി. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.
േ്്േി

