ടി.വി. ഷോയിൽ അധിക്ഷേപിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ നടി രാഖി സാവന്തിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു
ശാരിക
ലഖ്നൗ: ടി.വി. ഷോയിൽ അധിക്ഷേപിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ ബോളിവുഡ് നടി രാഖി സാവന്തിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഉത്തർപ്രദേശിലെ ഝാൻസി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് (ഫാസ്റ്റ് ട്രാക്ക്) കോടതിയാണ് ഈ നടപടി സ്വീകരിച്ചത്. കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
2010-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഝാൻസിയിലെ ഹൻസാരി പ്രേംനഗർ സ്വദേശിയായ ലക്ഷ്മൺ അഹിർവാർ എന്ന യുവാവ് 2010 നവംബർ 10-നാണ് ആത്മഹത്യ ചെയ്തത്. രാഖി സാവന്ത് അവതാരകയായ 'രാഖി കാ ഇൻസാഫ്' എന്ന ടെലിവിഷൻ ഷോയിൽ തന്നെ അധിക്ഷേപിച്ച് സംസാരിച്ചതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്ന് ഗവൺമെന്റ് പ്ലീഡർ മൃദുൽ കാന്ത് ശ്രീവാസ്തവ വ്യക്തമാക്കി.
ദാമ്പത്യ തർക്കങ്ങളെ തുടർന്ന് ലക്ഷ്മണിനെയും ഭാര്യ അനിതയെയും ഈ ഷോയിലേക്ക് ക്ഷണിച്ചിരുന്നു. 2010 ഒക്ടോബറിൽ സംപ്രേഷണം ചെയ്ത ഈ എപ്പിസോഡിൽ തന്റെ മകനെതിരെ രാഖി സാവന്ത് അധിക്ഷേപകരവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് ലക്ഷ്മണിന്റെ അമ്മ സാവിത്രിയാണ് പ്രേംനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
വിചാരണ വേളയിൽ ഒന്നിലധികം തവണ കോടതി ആവശ്യപ്പെട്ടിട്ടും രാഖി സാവന്ത് ഹാജരാകാത്തതിനെത്തുടർന്നാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. കേസ് ഡിസംബർ ഒന്നിലേക്ക് മാറ്റിയിരിക്കുന്നു.
ാിാേ

