യുവാക്കൾ ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് കരുത്തുറ്റ ജനാധിപത്യത്തിന്റെ തെളിവ്: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
ശാരിക
ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾ ഭരണഘടനാ സ്ഥാപനങ്ങളെയും പ്രക്രിയകളെയും ചോദ്യം ചെയ്യുന്നത് ശക്തവും ഊർജ്ജസ്വലവുമായ ജനാധിപത്യത്തിന്റെ പ്രധാന ലക്ഷണമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ചോദ്യങ്ങൾ ഉയരുന്നതിലൂടെ മാത്രമാണ് ഭരണഘടനാ സ്ഥാപനങ്ങൾക്ക് കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്താൻ സാധിക്കുകയെന്നും, ജുഡീഷ്യറിയും ഇതിൽനിന്ന് വ്യത്യസ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കൾ രാജ്യത്തിന്റെ ഭാവി മാത്രമല്ല, വർത്തമാനകാലത്തെ സജീവ പങ്കാളികൾ കൂടിയാണ്. അതിനാൽ യുവാക്കളുടെ ആശങ്കകൾ നാം കേൾക്കണമെന്നും അവരുടെ വിയോജിപ്പുകളെ ഒരിക്കലും ഭീഷണിയായി കാണരുതെന്നും ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. ബെംഗളൂരുവിൽ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ 34-ാമത് ബിരുദദാനച്ചടങ്ങിൽ പങ്കെടുത്ത ശേഷം ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാറ്റങ്ങൾ ആവശ്യപ്പെടുമ്പോഴും വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും ഭരണഘടനാ തത്ത്വങ്ങളും നിയമവാഴ്ചയും പാലിക്കാൻ യുവതലമുറ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധൈര്യം, സത്യസന്ധത, അനാഥമാക്കപ്പെടുന്ന ശബ്ദങ്ങൾ കേൾക്കാനുള്ള മനസ്സ് എന്നിവ നിയമരംഗത്തുള്ളവർക്ക് അത്യന്താപേക്ഷിതമാണ്. നിയമവിദ്യാഭ്യാസം കേവലം അക്കാദമിക് പഠനത്തിലോ ക്രിമിനൽ-ഭരണഘടനാ നിയമങ്ങൾ പഠിക്കുന്നതിലോ ഒതുങ്ങരുത്. വ്യത്യസ്ത വീക്ഷണങ്ങളെ ഉൾക്കൊള്ളാനും സമൂഹത്തെ സേവിക്കാനും യുവ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്. നമ്മളിൽനിന്ന് വ്യത്യസ്തമായി ലോകത്തെ വീക്ഷിക്കുന്നവരെ അറിയുകയാണ് പ്രധാനം. നീതിക്കുവേണ്ടി നിലകൊള്ളാനുള്ള ധൈര്യവും അവഗണിക്കപ്പെടുന്നവരുടെ ആശങ്കകൾ കേൾക്കാനുള്ള വിനയവുമാണ് നിയമമേഖലയ്ക്ക് ആവശ്യമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ിേി്ി

