കോ­ൺഗ്രസ് മു­ക്ത ഭാ­രതം ആർ.എസ്.എസി­ന്റെ­ മു­ദ്രാ­വാ­ക്യമല്ലെന്ന് മോ­ഹൻ ഭാ­ഗവത്


പുണെ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി.യുടെയും പ്രിയപ്പെട്ട മുദ്രാവാക്യത്തെ തള്ളി ആർ.എസ്.എസ്. സർസംഘചാലക് മോഹൻ ഭാഗവത്. കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. പുണെയിൽ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കോൺഗ്രസ് മുക്ത ഭാരതമെന്നത് വെറും രാഷ്ട്രീയ മുദ്രാവാക്യമാണ്. അത് ആർ.എസ്.എസിന്റെ ഭാഷയല്ല. അത്തരം പൊള്ളത്തരങ്ങളെ അംഗീകരിക്കുന്നുമില്ല. മുക്തം എന്ന പദം രാഷ്ട്രീയക്കാരുടേതാണ്, ആർ.എസ്.എസിന്റെ നിഘണ്ടുവിലുള്ളതല്ല −അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രനിർമാണം ഒരാളുടെമാത്രം ജോലിയല്ല. ഭരണ, പ്രതിപക്ഷകക്ഷികളടക്കം എല്ലാവരുടെയും സംഭാവനകൾ അതിനാവശ്യമാണ്. എല്ലാവരെയും ഒന്നിച്ചുനിർത്താനുള്ള ശ്രമമാണ് ആർ.എസ്.എസ്. നടത്തുന്നത്. കോൺഗ്രസ് മുക്തഭാരതം, ആർ.എസ്.എസ്. മുക്തഭാരതം തുടങ്ങിയ അനാവശ്യപ്രചാരണങ്ങൾ ഒഴിവാക്കി രാജ്യത്തിന്റെ ക്ഷേമത്തിനുവേണ്ടി കൂട്ടായ പ്രവർത്തനമാണ് നടത്തേണ്ടത്. നശീകരണപ്രവണതയുള്ളവരാണ് പരസ്പരവിദ്വേഷങ്ങളും ശത്രുതയും പരത്തുന്നത്. രാഷ്ട്രനിർമാണത്തിൽ ഇത്തരക്കാർ തടസ്സങ്ങൾ മാത്രമാണ് സൃഷ്ടിക്കുന്നത് −ഭാഗവത് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed