സിബിഎസ്ഇ കണക്ക്, ഇക്കണോമിക്സ് പരീക്ഷകൾ റദ്ദാക്കി
ന്യൂഡൽഹി : ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷയും റദ്ദാക്കി. ഇന്ന് രാവിലെ നടന്ന കണക്ക് പരീക്ഷയാണ് റദ്ദാക്കിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഇക്കണോമിക്സ് പരീക്ഷ. പുതുക്കിയ തീയതി ഒരാഴ്ചക്കകം അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. സിബിഎസ്ഇ വെബ്സൈറ്റിലായിരിക്കും ഇക്കാര്യം അറിയിക്കുക. കഴിഞ്ഞ ദിവസം രാത്രിയാണ് കണക്കു പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നത്. ഇത് അധികൃതർക്കു ലഭിച്ചിരുന്നു. ഇന്നു നടന്ന പരീക്ഷയുടെ പേപ്പറുമായി ഒത്തുനോക്കിയപ്പോഴാണ് പേപ്പർ ചോർന്നതായി തെളിഞ്ഞത്.
വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്കും ഏറെ വിഷമം ഉള്ള വിഷയമാണ് ഗണിതം. ബഹ്റൈനിൽ പൊതുവെ ഇന്നത്തെ കണക്കുപരീക്ഷ അധികം ബുദ്ധിമുട്ടിച്ചില്ലെന്ന ആശ്വാസത്തിലായിരുന്നു വിദ്യാർത്ഥികൾ. തുടക്കം മുതൽക്കുള്ള പാഠ ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ചോദ്യങ്ങളൊന്നും അതികഠിനമായിരുന്നില്ലെന്ന് ശരാശരി വിദ്യാർത്ഥികളും സമ്മതിക്കുന്നു. അതിനിടയിലാണ് പരീക്ഷ റദ്ദാക്കിയ അറിയിപ്പുണ്ടായിരിക്കുന്നത്.

