സ്മിത്തിനും വാർണർക്കും ഒരു വർഷം വിലക്ക്


സിഡ്നി : ലോകക്രിക്കറ്റിനെ നാണംകെടുത്തിയ പന്തുചുരണ്ടൽ സംഭവത്തിൽ ഓസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്തിനേയും ഡേവിഡ് വാർണറേയും ഒരു വർഷത്തേയ്ക്ക് വിലക്കി. പന്തിൽ കൃത്രിമം കാട്ടിയ കാമറൺ ബാൻക്രോഫ്റ്റിനെ ഒൻപതു മാസത്തേയ്ക്കും വിലക്കിയിട്ടുണ്ട്. വിലക്ക് അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎല്ലിലും ബാധകമാകും. ക്രിക്കറ്റ് ഓസ്ട്രേലിയ നടപടിക്കനുസരിച്ച് ഐ.പി.എല്ലിൽ നിന്നും  ബി.സി.സി.ഐ ഇവരെ വിലക്കുകയായിരുന്നു. നേരത്തെ രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം സ്റ്റീവൻ സ്മിത്ത് രാജിവെച്ചിരുന്നു. ഹൈദരാബാദ് സൺറൈസേഴ്സിന്റെ നായകസ്ഥാനം ഇന്ന് വാർണർ രാജിവെച്ചിട്ടുണ്ട്.

കായിക ലോകത്തിനു മുന്നിൽ ഓസ്ട്രേലിയയെ നാണം കെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഓസ്ട്രേലിയൻ സർക്കാർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ആരാധകർക്കിടയിലും ടീമിനെതിരെ രോഷം നുരഞ്ഞുപൊന്തിയതോടെ സംഭവത്തേക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം പ്രഖ്യാപിച്ചു. സ്മിത്തിനെയും വാർണറിനെയും നായക, ഉപനായക സ്ഥാനങ്ങളിൽനിന്ന് പുറത്താക്കുകയായിരുന്നു ആദ്യ പടി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടിം പെയ്നെയാണ് പുതിയ ക്യാപ്റ്റനായി നിശ്ചയിച്ചത്.

അതേസമയം അടുത്ത ഏകദിന ലോകകപ്പിലും തുടർന്നു വരുന്ന ആഷസിലും വാർണർക്കും സ്മിത്തിനും കളിക്കാം. ഇംഗ്ലണ്ടിലും വെയ്ൽസിലുമായി 2019 മെയ്മാസം മുതലാണ് ലോകകപ്പ് തുടങ്ങുന്നത്. അപ്പോഴേയ്ക്കും വിലക്കിന്റെ കാലാവധി തീരും. ബാൻക്രോഫ്റ്റ് ഇന്ത്യ-ഓസ്ട്രേലിയ പരന്പര മുതൽ ടീമിൽ തിരിച്ചെത്തും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ്ടൗൺ‍ ടെസ്റ്റിനിടെയാണ് പന്തുചുരണ്ടൽ സംഭവം ഉണ്ടാകുന്നത്. ബൻ‍ക്രോഫ്റ്റ് പന്തിൽ കൃതിമം കാണിക്കുന്നത് ടിവി ക്യാമറകളിൽ പതിഞ്ഞതോടെ ക്രിക്കറ്റ് ലോകത്തിന് മുന്നിൽ ഓസ്‌ട്രേലിയൻ‍ ടീം ഒന്നാകെ പ്രതിക്കൂട്ടിലായി. ഓസ്‌ട്രേലിയൻ‍ സർ‍ക്കാർ അടക്കം സംഭവത്തെ അപലപിക്കുകയും ടീമിന്റെ പ്രവൃത്തിയെ തള്ളിപ്പറയുകയും ചെയ്തു. ഇതോടൊപ്പം ക്രിക്കറ്റ് ലോകം ഒന്നാകെ ടീമിനെതിരെ തിരിയുക കൂടി ചെയ്തതോടെയാണ് കർ‍ശന നടപടികൾ സ്വീകരിക്കാൻ‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിർ‍ബന്ധിതമായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed