ഒലീവ് സാംസ്കാരിക വേദി സർഗ്ഗസംഗമം സംഘടിപ്പിച്ചു
മനാമ: ഒലീവ് സാംസ്കാരിക വേദിയുടെ ‘സർഗ്ഗ സംഗമം’ മനാമ കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ചു. ഒലീവ് ചെയർമാൻ പി.വി സിദ്ദിഖ് ആലപിച്ച പ്രാർത്ഥന ഗാനത്തോട് കൂടിയാണ് പരിപാടി ആരംഭിച്ചത്.
സഹൽ തൊടുപുഴ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി കെ.പി മുസ്തഫ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ആനുകാലിക വിഷയങ്ങളിൽ സംഘടിപ്പിച്ച ചർച്ചയിൽ പി.കെ ഇസ്ഹാഖ്, നൗഫൽ എടയന്നൂർ, ഇസ്മായിൽ കുറ്റ്യാടി, അഷ്കർ വടകര എന്നിവർ പ്രസംഗിച്ചു.
അസ്ലം വടകര, ഹാഷിം റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ കാവ്യനിലാവ് അരങ്ങേറി. തുടർന്ന് മാസിൽ പട്ടാന്പി നേതൃത്വം നൽകിയ ടേബിൾ ടോപ്പിക് സെഷനിൽ വ്യക്തിത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. ടി.കെ റാഷിദ് അവലോകനം നടത്തി.
ജൗഹർ മാഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാനുള്ള കേരള സർക്കാർ തീരുമാനം, ഭരണം സംഘ പരിവാറിന് അടിയറവെച്ചതിന്റെ പുതിയ തെളിവായി മാറിയിരിക്കുകയാണെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന വ്യാജ പ്രചാരണങ്ങളും ദുരുപയോഗവും വർദ്ധിച്ച് വരുന്നത് ആശങ്കയുളവാക്കുന്നതാണെന്നും, സുപ്രധാന രഹസ്യങ്ങൾ ചോർത്തുന്നത് മുതൽ ജനാധിപത്യത്തെ അട്ടിമറിക്കാൻ വരെ സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചെയ്തു എന്ന വാർത്തകൾ പൊതു സമൂഹം ശക്തമായ ജാഗ്രത പാലിക്കേണ്ടതിന്റെ അനിവാര്യതയാണെന്നും യോഗം ചൂണ്ടികാണിച്ചു.
പ്രവാസികളുടെ വോട്ടവകാശം നടപ്പിലാക്കാൻ വൈകുന്നതിലും, എയർപോർട്ടുകളിൽ പ്രവാസികളെ കൊള്ളയടിക്കുന്ന അധികൃതരുടെ സമീപനത്തിലും പ്രധിഷേധം രേഖപ്പെടുത്തി. ഖലീൽ ആലംപാടി സ്വാഗതവും അൻവർ വടകര നന്ദിയും പറഞ്ഞു.

